ചിന്നംവിളിച്ച് കാട്ടാന, നിലവിളിച്ച് മലയോരം
മുണ്ടക്കയം ഈസ്റ്റ് : ഒന്നും രണ്ടുമല്ല ഇരുപത്തിമൂന്നോളം കാട്ടാനകൾ.... വനാതിർത്തി മേഖലയിലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. കാളകെട്ടി, കൊയ്‌നാട്, കോരുത്തോട്, മതമ്പ, മുറിഞ്ഞപുഴ, പുല്ലുമേട്, ചെന്നാപ്പാറ, കുഴിമാവ്, ബോധി, പ്ലാക്കത്തടം, അഴുത പ്രദേശങ്ങളിലൂടെയാണ് ഇവയുടെ സഞ്ചാരം. അഴുത നദിയിലും കൈത്തോടുകളിലും ഇടയ്ക്കിടെ നീരാട്ടുമുണ്ട്. രാത്രികാലങ്ങളിൽ ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആനക്കൂട്ടത്തിൽ കുട്ടിയാനകളും ഉൾപ്പെടുന്നു. ജനവാസ മേഖലകളിൽ എത്തുമ്പോൾ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ജനങ്ങൾ ഓടിക്കുകയാണ് പതിവ്. തോട്ടങ്ങളിലെ ലയങ്ങൾക്ക് സമീപം വരെ രാത്രികാലങ്ങളിൽ ആന ഇറങ്ങുന്നുണ്ട്. അപകടസാദ്ധ്യത മുന്നിൽകണ്ട് വനാതിർത്തി മേഖലകളിൽ രാത്രികാലങ്ങളിൽ പലരും യാത്ര ഒഴിവാക്കുകയാണ്. ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ റബർത്തോട്ടത്തിന് നടുവിൽ വഴിമുടക്കിയും ചിന്നംവിളിച്ചും കാട്ടാനകൾ എത്തുന്നതോടെ പലരും ടാപ്പിംഗ് ഉപേക്ഷിച്ചു. കാലങ്ങളായി ഇവയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
തീറ്റ കുറവ്, വനവാസം മടുത്തു
തീറ്റ കുറവായതിനാൽ ഇവ പെരിയാർ ഉൾവനം കയറിപ്പോകാൻ കൂട്ടാക്കുന്നില്ല. ചക്കയുടെ സീസൺ തീരാതെ കാടുകയറി പോകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മതമ്പ കൊമ്പൻപാറയിൽ നാലുമാസം മുൻപ് സോഫിയ എന്ന വീട്ടമ്മയെ കാട്ടാന കുത്തിക്കൊന്നതിന്റെ ഭീതി ഇപ്പോഴും മാറിയിട്ടില്ല. ശബരിമല വനത്തിന്റെ 88 അതിർത്തി പങ്കിടുന്ന മറ്റ് പ്രദേശങ്ങളിൽ സോളാർ വേലികളുണ്ട്. എന്നാൽ മതമ്പ്, ചെന്നാപ്പാറ മേഖലകളിൽ വേലികൾ നശിച്ച നിലയിലാണ്.
ഇനിയും എത്രനാൾ ഇങ്ങനെ
സോളാർവേലികൾ നശിച്ചതോടെ ആനകൾ കൂട്ടമായി നാട്ടിലേക്ക്
2020 മുതലാണ് പനക്കച്ചിറ ഭാഗത്തേക്ക് ആനകൾ ഇറങ്ങിയത്
പിന്നീട് കടമാൻകുളം, മതമ്പ ഭാഗത്തേക്കും എത്തിത്തുടങ്ങി
രാത്രിയിൽ ആനകൾ വീടിന്റെ പരിസരത്ത് വരെ എത്തുന്നു
മഴയത്ത് തിരിച്ചറിയാൻ പ്രദേശവാസികൾക്ക് കഴിയുന്നില്ല
ആളുകൾ ആനയുടെ മുന്നിൽപ്പെടാൻ സാദ്ധ്യത ഏറെ
23 കാട്ടാനകൾ
''പുലർച്ചെ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് ഓടിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യത്തിലും നടപടി നീളുകയാണ്.
രാഘവൻ, കർഷകൻ