വേമ്പനാട്ടുകായലിൽ അനധികൃത ചീനവല വ്യാപകം: ജലവാഹനങ്ങൾ വലയും, മത്സ്യസമ്പത്ത് കുറയും

Friday 20 June 2025 12:20 AM IST

കോട്ടയം : ഫിഷറീസ് വകുപ്പിന്റെ അനുമതിയില്ലാതെ വേമ്പനാട്ടുകായലിൽ ചീന വല ഉപയോഗിച്ചുള്ള അനധികൃത മീൻ പിടിത്തം വ്യാപകമാകുന്നു. ട്രോളിംഗ് നിരോധനം വന്നതോടെ കടൽ മത്സ്യങ്ങളുട ലഭ്യത കുറഞ്ഞ് കായൽ മത്സ്യങ്ങളുടെ ഡിമാൻഡ് കൂടിയതോടെയാണ് നിയമലംഘനം. തണ്ണീർമുക്കം, വെച്ചൂർ - വൈക്കം ഭാഗത്താണ് അനധികൃത ചീനവല കൂടുതൽ. വെളിച്ചം കൂടിയ ബൾബുകൾ ഉപയോഗിച്ചാണ് മീൻപിടിത്തം. ഇതിന് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായാണ് പരാതി. കെ.എസ്.ഇ.ബി അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്.

വലിയ തേക്കിൻകഴകൾ കായലിൽ നാട്ടിയാണ് ചീനവല സ്ഥാപിക്കുന്നത്. ഇതിന് ചുറ്റും ചെളി വന്നടിഞ്ഞ് കായലിന്റെ പല ഭാഗങ്ങളിലും തുരുത്ത് രൂപപ്പെട്ട് അടിയിൽ ജലസസ്യങ്ങൾ വളർന്ന് കായലിലെ നീരൊഴുക്കും തടസപ്പെട്ടു. ഹൗസ് ബോട്ടുകളുടെയും വള്ളങ്ങളുടെയും സുഗമമായ യാത്രയ്ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒപ്പം അപകടങ്ങൾക്കും കാരണമാകും.

രജിസ്ട്രേഷനും ലൈസൻസുമില്ല

ചീനവലകൾ സ്ഥാപിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാണ്. ഇതൊന്നുമില്ലാത്തവയാണ് വേമ്പനാട്ടു കായൽ തീരത്തുള്ളവയിൽ ഏറെയും. ദേശീയ ജലപാത പ്രദേശത്ത് ചീനവലകൾ പാടില്ലെന്ന നിയമവും ലംഘിച്ചു. കേരള ഇൻലാൻഡ് ഫിഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരം അനധികൃതമായി ചീനവല സ്ഥാപിക്കുന്നതിന് പിഴ ചുമത്താം. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയാണ്.

മത്സ്യത്തൊഴിലാളികൾക്കും എതിർപ്പ്

ചീന വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനിടയിൽ വലയിൽ കുടുങ്ങുന്ന ചെറുമീനുകളെ എടുത്തെറിഞ്ഞ് നശിപ്പിക്കുന്നത് കായൽ മത്സ്യസമ്പത്തിന് ദോഷമാണ്. ഇതിനെതിരെ പരമ്പരാഗത മത്സ്യ ത്തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്.

''

ഫിഷറീസ് വകുപ്പിന്റെ ഒത്താശയോടെ സ്ഥാപിച്ചിട്ടുള്ള വേമ്പനാട്ടു കായൽ തീരത്തെ അനധികൃത ചീനവലകൾ പൊളിച്ചു മാറ്റാൻ കർശന നടപടി ഉണ്ടാവണം. മന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

-എബി ഐപ്പ് ( കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി )​