ആർ.വി.എം ലൈബ്രറിയിൽ മെഗാ അംഗത്വം... കൂട്ടിക്കൂട്ടത്തിന് കൂട്ടായി അക്ഷരക്കൂട്ട്
Friday 20 June 2025 12:42 AM IST
രാമപുരം : വായനദിനത്തിൽ ഒരു സ്‌കൂളിലെ കുട്ടികൾ മുഴുവൻ ലൈബ്രറി അംഗങ്ങളായി. രാമപുരം ഗവ. എൽ.പി സ്‌കൂളിലെ നൂറോളം കുട്ടികളാണ് പ്രസിദ്ധമായ രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ (ആർ.വി.എം ) അംഗത്വമെടുത്തത്. കുട്ടികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ പ്രത്യേക വിഭാഗം ആർ.വി.എം ലൈബ്രറിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് മനസിലാക്കി ഹെഡ്മിസ്ട്രസ് ടി.എൻ. പുഷ്പയാണ് ആശയം മുന്നോട്ട് വച്ചത്. മറ്റ് അദ്ധ്യാപകരും മാതാപിതാക്കളും പിന്തുണയേകി. ലൈബ്രേറിയൻ കെ.ബി.സന്തോഷ് മെഗാ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിൽ മെഗാ അംഗത്വം എടുത്തതിന് ശേഷം സ്‌കൂളിലേക്ക് തിരികെ വന്ന കുട്ടികൾക്കായി വായനക്കൂടാരം, അക്ഷരപ്പൂമരം, വായന ക്വിസ്, പുസ്തക പരിചയം, പുസ്തകപ്രദർശനം, അമ്മ വായന തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.