നഗരത്തിലേയ്ക്ക് കാട്ടുപന്നിയ്ക്ക് 5 കിലോമീറ്റർ അകലം മാത്രം

Friday 20 June 2025 12:52 AM IST

കോട്ടയം : നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ റബർ ബോർഡിന്റെ തോട്ടത്തിൽ കാട്ടുപന്നിയെ കണ്ടതോടെ കോട്ടയം നഗരത്തിലേയ്ക്ക് ഇനി എത്രകാലത്തിന്റെ അകലമെന്ന ചോദ്യമാണ് ഉയരുന്നത്. ഏഴയലത്ത് പോലും വനമില്ലാതിരുന്ന പാമ്പാടിയുടെ പരിസരപ്രദേശത്ത് പ്രളയകാലത്ത് എത്തിയ കാട്ടുപന്നി പിന്നീട് സമീപ പഞ്ചായത്തുകളിൽ വ്യാപിച്ചു. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ റബർ തോട്ടത്തിലെ അടിക്കാട് തെളിക്കുന്നതിനിടയിൽ കാട്ടുപന്നിയാക്രമണത്തിൽ പാമ്പാടി പൊത്തൻപുറം സ്വദേശിനി ഊട്ടിക്കുളം ജോമോൾ ജോണിയ്ക്ക് പരിക്കേറ്റിരുന്നു. മീനടം, വടവാതൂർ, പാമ്പാടി, കൂരോപ്പട പഞ്ചായത്തുകളിലും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവരുമുണ്ട്. മരപ്പട്ടിയും പെരുമ്പാമ്പും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സജീവമായ കോട്ടയം നഗരത്തിൽ വൈകാതെ കാട്ടുപന്നിയുമെത്തുമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ഗ്രാമപ്രദേശങ്ങളിൽ കണ്ടിരുന്ന ഉടുമ്പ് പതിറ്റാണ്ടുകളായി ഇപ്പോൾ നഗരവാസിയാണ്. കുരങ്ങിനെയും മയിലിനെയും ഇടയ്ക്കിടെ കാണാം.

അനുകൂല കാലാവസ്ഥ പെരുമഴയത്ത് തോടുവഴി എത്താനുള്ള സാദ്ധ്യതയാണ് കൂടുതൽ. ഒരു വശത്ത് കാടുപിടിച്ച സ്ഥലങ്ങളും കൃഷിയില്ലാത്ത പാടങ്ങളും ചതുപ്പുനിലങ്ങളും ഒപ്പം മാലിന്യവുമെല്ലാം നാട്ടിൻപുറത്തേക്കാൾ വളരാൻ അനുകൂലമാണ്. തമിഴ്നാട്ടിലെ തെരുവുകളിലും ഓടകളിലും വിഹരിക്കുന്ന പന്നിക്കൂട്ടത്തിന് സമാനമായ കാഴ്ച വൈകാതെ കോട്ടയത്തും കാണാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.