ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടേണ്ടതുണ്ട്
കേരളത്തിലെ മദ്ധ്യവർഗ കുടുംബങ്ങളിൽ നിന്ന് മികച്ച വിദ്യാഭ്യാസം നേടിയ യുവജനത ഏറ്റവും കൂടുതൽ തൊഴിൽ തേടുന്നതും തൊഴിൽ ചെയ്യുന്നതുമായ രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാനഡ. ഭാവിയിൽ ജോലി ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ കാനഡയിൽ ചെലവ് കൂടുതലാണെങ്കിലും പഠനത്തിനായി പോകുന്നവരുടെ എണ്ണവും കുറവല്ല. അതിനാൽ കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായത് നമ്മുടെ നാട്ടിലെ ഒട്ടേറെ കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ദശാബ്ദങ്ങൾക്ക് മുമ്പുതന്നെ കുടിയേറ്റം നടന്നിരുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ഇന്ത്യൻ പൗരന്മാർ കാനഡയിലേക്ക് കുടിയേറിയത്. റെയിൽ ലൈൻ പാകുക തുടങ്ങിയ കായികമായ ജോലികൾക്കായാണ് മൂന്ന് തലമുറയ്ക്കു മുമ്പുള്ളവർ അങ്ങോട്ടു പോയത്. അവരുടെ പിന്മുറക്കാർ വിദ്യാഭ്യാസപരമായും ബിസിനസുപരമായും ഉയർന്ന നിലകളിലെത്തുകയും സമ്പന്ന സമൂഹമായി മാറുകയും ചെയ്തു.
ഇവരിൽ ഭൂരിപക്ഷവും കനേഡിയൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരായി മാറിയതിനാൽ കനേഡിയൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വോട്ടുബാങ്കായി രൂപപ്പെടുകയും ചെയ്തു. സിക്ക് സമൂഹമാണ് ഇതിൽ മുൻപന്തിയിൽ. ഇവരിൽ ഒരു വിഭാഗം പഞ്ചാബിലെ ഖാലിസ്ഥാൻ വാദികൾക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായം നൽകുന്നവരായി മാറിയതോടെയാണ് ഇന്ത്യ - കാനഡ ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയത്. ചില പ്രമുഖ ഖാലിസ്ഥാൻ ഭീകരർ കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. അതിനെല്ലാം പിന്നിൽ ഇന്ത്യയാണെന്ന് തെളിവുകളുടെ പിൻബലമില്ലാതെ കാനഡയുടെ അന്നത്തെ നേതൃത്വം ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഒരു വലിയ പരിധിവരെ മുറിഞ്ഞുപോകാൻ തന്നെ ഇടയാക്കി. ഇതേത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ വിസ നിയന്ത്രണം നിലവിൽ വന്നത്. ഇത് കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളുടെയും ജോലി തേടിയവരുടെയും അവസരങ്ങൾ പോലും നഷ്ടപ്പെടാൻ ഇടയാക്കിയിരുന്നു.
ജി - 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ചയുടെ മഞ്ഞുരുകാൻ ഇടയാക്കിയിരിക്കുന്നതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ കൂടിക്കാഴ്‌ചയിൽ, 2024 ഒക്ടോബറിൽ ഇരു രാജ്യങ്ങളും ഹൈക്കമ്മിഷണർമാരെ തിരിച്ചുവിളിച്ച നടപടി പുനഃപരിശോധിക്കാൻ ധാരണയായി. ഹൈക്കമ്മിഷണർമാരില്ലാത്തതു കാരണം വിസ നടപടികൾ മന്ദഗതിയിലായിരുന്നത് ഇനി വേഗത്തിലാവും. പൗരന്മാർക്കും ബിസിനസുകാർക്കും ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളും ഒഴിവാക്കും. ഇന്ത്യാ വിരുദ്ധനായിരുന്ന ജസ്റ്റിൻ ട്രൂഡോ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിന് പുറത്തായതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കിയത്.
മോദി - കാർണി കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ചയും പുനരാരംഭിക്കാൻ ധാരണയായി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനും ധാരണയായിട്ടുണ്ട്. അനുബന്ധ നടപടികൾക്കായി ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ ഉടനെ തുടങ്ങും. ജി - 7 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, പാകിസ്ഥാനുമായുള്ള വെടിനിറുത്തലിൽ മറ്റൊരു രാജ്യത്തിന്റെ മദ്ധ്യസ്ഥത ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും പ്രധാനമന്ത്രി മോദി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത് അഭിനന്ദനീയമാണ്. വെടിനിറുത്തൽ താൻ പറഞ്ഞിട്ടാണെന്ന ട്രംപിന്റെ വീരവാദം ഇന്ത്യ തള്ളിയിരുന്നെങ്കിലും ഇതാദ്യമായാണ് അമേരിക്കയോടു തന്നെ നേരിട്ട് അത് വെളിപ്പെടുത്തിയത്. എന്നാൽ അതിനു ശേഷവും താനാണ് യുദ്ധം നിറുത്തിച്ചതെന്ന വീരവാദം ട്രംപ് മുഴക്കുകയുണ്ടായി. പണ്ട് എട്ടുകാലി മമ്മൂഞ്ഞും ഇതുപോലൊക്കെ പറഞ്ഞിട്ടുണ്ടെന്നല്ലാതെ ഇതേക്കുറിച്ച് എന്തു പറയാൻ?