കുളമായ കുളമൊക്കെ എന്റെ സ്വന്തം
ഇളംകാറ്റുപോലെ തുടങ്ങി കൊടുങ്കാറ്റായി മാറിയ നിലമ്പൂർ പൂരം അങ്ങനെ ഒതുങ്ങി. ആരുടെ തന്ത്രങ്ങളാണ് വിജയിച്ചതെന്ന് അറിയാൻ 23 വരെ കാത്തിരിക്കണം. അത്രയും ദിവസങ്ങളിൽ വിജയം തങ്ങൾക്കായിരിക്കുമെന്ന് തറപ്പിച്ച് പറയാനുള്ള സ്വാതന്ത്ര്യം മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും അവരെ ഒറ്റയ്ക്ക് വെല്ലുവിളിച്ച പി.വി. അൻവറിനുമുണ്ട്. അൻവറെന്ന ഒറ്റയാന്റെ വാശിയുടെ മാത്രം സന്തതിയാണല്ലോ ഓർക്കാപ്പുറത്തെത്തിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. തുടക്കത്തിൽ തിരഞ്ഞെടുപ്പിന് അത്ര വീറു കണ്ടില്ല. കാരണം അൻവർ യു.ഡി.എഫിനൊപ്പം ചേരുമെന്നും സ്ഥാനാർത്ഥി തർക്കത്തിന്റെ പേരിൽ അവിടെ പടലപിണക്കം രൂക്ഷമാവുമ്പോൾ, കൈ നനയാതെ മീൻപിടിക്കാമെന്നുമൊക്കെ ഇടതുപക്ഷം മനക്കോട്ട കെട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം പോലും ഇല്ലാതിരിക്കെ, പ്രത്യേകിച്ച് ഒരു ഇംപാക്ടും ഉണ്ടാക്കാൻ കഴിയാത്ത ഉപതിരഞ്ഞെടുപ്പിൽ വെറുതെ വിയർപ്പൊഴുക്കേണ്ടെന്ന് ബി.ജെ.പിയും നിനച്ചു. യു.ഡി.എഫ് പ്രവേശനമെന്ന 'തൂപ്പ്" കാട്ടി അൻവറിനെ അങ്ങനെ കൂടെ നടത്തിക്കാമെന്ന് യു.ഡി.എഫ് ബുദ്ധികേന്ദ്രങ്ങളും വളരെ മോഹിച്ചു. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്. സ്ഥാനാർത്ഥിയായി ആരു വന്നാലും തന്റെ പിന്തുണ യു.ഡി.എഫിനെന്ന് നിരുപാധിക പ്രഖ്യാപനം നടത്തിയ പി.വി. അൻവർ പദ്ധതിയും പ്ളാനുമൊക്കെ മാറ്റിയതോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ തലവര ആകെ മാറിയത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫിൽ ധാരണയായതോടെ, വി.എസ് ജോയിയെ തലയിൽ തലോടി നിന്ന അൻവർ ആദ്യ ഉടക്ക് വച്ചു. മാത്രമല്ല യു.ഡി.എഫ് പ്രവേശനത്തിനുള്ള കുറുക്കുവഴിയാക്കാമെന്ന പ്രതീക്ഷയും കൈവിട്ടതോടെ അൻവർ നിലപാട് കടുപ്പിച്ചു. ആര്യാടൻ ഷൗക്കത്തിനെതിരെ നിർദ്ദയമായ വിമർശനങ്ങളും ഉയർത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം മാത്രം അൻവറിന്റെ മുന്നണി പ്രവേശന ചർച്ചയെന്ന് യു.ഡി.എഫ് നേതാക്കളും - പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ -നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. അതുവരെ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് അധിക്ഷേപിക്കലും ആരോപണമുന്നയിക്കലും നടത്തിക്കൊണ്ടിരുന്ന അൻവറിന്റെ ജോലിഭാരം ഇതോടെ ഇരട്ടിച്ചു. പ്രതിപക്ഷ നേതാവിനെ കൂടി താറടിക്കേണ്ട വലിയ ഉത്തരവാദിത്തം അദ്ദേഹത്തിലേക്ക് വന്നു. ഒരുവിധം ഭംഗിയായി തന്നെ അൻവർ രണ്ട് ദൗത്യങ്ങളും നിർവഹിക്കുകയും ചെയ്തു.
കളം കൊഴുപ്പിച്ച്
മുന്നണികൾ
അൻവറിന്റെ തിരുസ്വരൂപവും മത്സരരംഗത്തുണ്ടാവുമെന്ന തിരിച്ചറിവോടെയാണ് കളം കൊഴുപ്പിക്കാൻ ഇടതുപക്ഷം തീരുമാനിച്ചതും എം. സ്വരാജ് അവതരിച്ചതും. ഇത്രയുമൊക്കെയാവുമ്പോൾ വെറുതെ ഇരിക്കുന്നത് ശരിയല്ലെന്ന ധാർമികബോധം ബി.ജെ.പിക്കുമുണ്ടായി. കേരള കോൺഗ്രസിൽ നിന്ന് 'വായ്പയെടുത്ത് "അവരും ഒരു സ്ഥാനാർത്ഥിയെ ഇറക്കി. അങ്ങനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രംഗം അങ്ങു കൊഴുത്തു. പക്ഷെ ഇടത്, വലത് മുന്നണികൾക്ക് തുടക്കം മുതൽ തന്നെ ചില വയ്യാവേലികൾ. വെൽഫെയർ പാർട്ടിയുടെ സർവാത്മനായുള്ള പിന്തുണ പ്രഖ്യാപിക്കലാണ് യു.ഡി.എഫിനെ വെട്ടിലാക്കിയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പരുവത്തിലായി അവർ. തങ്ങൾ ചോദിച്ചിട്ടല്ലല്ലോ അവർ പിന്തുണച്ചതെന്ന 'ബലാഗുളശാദി ' ന്യായമൊക്കെ പ്രതിപക്ഷ നേതാവ് തട്ടിവിട്ടെങ്കിലും യു.ഡി.എഫിനെ തല്ലാനുള്ള നല്ല വടിയാക്കി ഇടതുപക്ഷം വെൽഫെയർ പാർട്ടി പിന്തുണയെ അങ്ങ് മാറ്റി. ദിവസം മൂന്ന് നേരവും അവർക്കുള്ള മറുപടി പറയലായി കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോലി. ഇതെല്ലാം കണ്ട് നമ്മുടെ എം.വി ഗോവിന്ദൻ മാഷും ടി.പി.രാമകൃഷ്ണൻ സഖാവുമൊക്കെ കുലുങ്ങി ചിരിച്ചുകൊണ്ടിരുന്നു.
യു.ഡി.എഫിന്റെ ആത്മധൈര്യവും ആവേശവുമൊക്കെ ഇതോടെ ചോരുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് അവർക്ക് വൻ തിരിച്ചടിയേൽക്കുമെന്നുമൊക്കെ ഇടതു കേന്ദ്രങ്ങൾ വല്ലാതങ്ങു മോഹിച്ചു. മൂന്നാല് പെട്ടിയും കാറിന്റെ ഡിക്കിയിൽ വച്ച് ഷാഫി പറമ്പിൽ എം.പിയും ഉറ്റ അനുയായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മണ്ഡലത്തിൽ ചുറ്റിക്കറങ്ങി, തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശാനുസരണം വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ ചൊടിപ്പിക്കാനൊക്കെ നോക്കിയതും വേണ്ടവിധം ശോഭിക്കാതെ പോയി. 'ഇപ്പോ യു.ഡി.എഫിന് പണികിട്ടും' എന്ന പ്രതീക്ഷയിൽ മാനത്തു കണ്ണുനട്ടിരുന്ന ഗോവിന്ദൻ മാഷിനും കൂട്ടർക്കും നിരാശ ബാക്കിയായി.
അങ്ങനെ മോഹവും മോഹഭംഗവുമൊക്കെയായി തുടരുന്നതിനിടയിലാണ് ഗോവിന്ദൻ മാഷുടെ നാക്ക് ഉളുക്കിയത്. അടിയന്തരവാസ്ഥക്കാലത്തെ ചില ബാന്ധവങ്ങളുടെ കേൾക്കാ കഥകളാണ് പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് അദ്ദേഹം കാച്ചിയത്. സി.പി.എമ്മിന്റെ ചില നിലപാടുകളെ കുറിച്ച് പറയാനാണ് അദ്ദേഹം ചരിത്രവഴിയേ സഞ്ചരിച്ചതെങ്കിലും 'ചക്കിന് വച്ചത് കൊക്കിന് കൊണ്ട" പരുവത്തിലായി. രാവിലെ പാർട്ടി സെക്രട്ടറി നിരത്തിയ വെളിപാടിന്റെ കണക്ക് പുസ്തകം വൈകിട്ട് തിരുത്താൻ സാക്ഷാൽ മുഖ്യമന്ത്രിക്ക് തന്നെ വാർത്താസമ്മേളനം നടത്തേണ്ടി വന്നു. വോട്ടെടുപ്പിന് തലേദിവസം പാർട്ടി സെക്രട്ടറി നടത്തിയ തുറന്നുപറച്ചിലിലെ ബാന്ധവ പരാമർശങ്ങൾ മുഖ്യമന്ത്രി വൈഭവപൂർവ്വം തിരുത്തി. പക്ഷെ തിരുത്തലിനും വളരെ മുമ്പേ തന്നെ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി. ഇതിന്റെ പേരിൽ ഇടതുപക്ഷത്തെ കുത്തി നോവിക്കാൻ, പ്രതിപക്ഷ നേതാവിന്റെ പ്രതിദിന വാർത്താസമ്മേളനങ്ങളുടെ എണ്ണത്തിൽ ചെറിയ വർദ്ധനവും വരുത്തി. ഏതായാലും മുഖ്യമന്ത്രിയുടെ 'തിരുത്തൽവാദ' ത്തിന് പിന്നാലെ വാവിട്ടുപോയ വാക്കുകളെല്ലാം ഗോവിന്ദൻ മാഷ് തിരിച്ചുവിളിച്ചു വിഴുങ്ങി. ഇതെല്ലാം കൂടി തിരഞ്ഞെടുപ്പ് കലാശം കെങ്കേമമായി. പ്രചാരണത്തിന്റെ കലാശക്കൊട്ട് സമയത്ത് വീട്ടിൽ പരിപ്പുവടയും ചായയും കഴിച്ചിരുന്ന അൻവറിന് എല്ലാം കണ്ടും കേട്ടും സന്തോഷമായി. താൻ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ കുളംകലങ്ങിയതിൽ അദ്ദേഹത്തിന് തൃപ്തിയായി.
ഇതുകൂടി കേൾക്കണേ
ഏതു മുന്നണി ജയിച്ചാലും 'അത് ഞമ്മളാണെ"ന്ന് പറയാനുള്ള അസുലഭ അവസരം അൻവറിന് കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാരുടെ പക്ഷം. എങ്കിലും സ്വന്തം പെട്ടിയിൽ എത്ര വോട്ടു വീണു എന്നതാവും അൻവറിന്റെ കാര്യത്തിൽ മറ്റു രണ്ടു മുന്നണികളുടെയും നോട്ടം.