കോളൂർ സ്റ്റേഡിയത്തിൽ ഇനി കളിയാരവം ഉയരും

Friday 20 June 2025 12:20 AM IST

നിർമ്മാണപ്രവ‌ർത്തനം അവസാനഘട്ടത്തിൽ

ആറ്റിങ്ങൽ: ഉദ്ഘാടനത്തിനൊരുങ്ങി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോളൂർ സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ.സംസ്ഥാന കായികവകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.

പ്രാദേശിക കായിക പ്രതിഭകളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് 30 വർഷം മുൻപ് കോളൂരിൽ സ്റ്റേഡിയം നിർമ്മിക്കുന്നത്. ഭൂമി ലഭ്യമാക്കി മണ്ണിടിച്ച് നിരപ്പാക്കിയിടുക മാത്രമാണ് അന്ന് ചെയ്തത്. സ്റ്റേഡിയത്തിന്റെ രണ്ടുവശം വലിയ കുഴിയായിരുന്നു.

ചുറ്റുമതിലോ സംരക്ഷണഭിത്തിയോ ഇല്ലാത്തതിനാൽ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഉപയോഗിച്ചിരുന്നത്. നേരത്തെ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികവിനോദങ്ങളുടെ പരിശീലനങ്ങളും,പ്രാദേശിക മത്സരങ്ങളും ഇവിടെ നടന്നിരുന്നു. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ വല കെട്ടിയായിരുന്നു അന്ന് പരിശീലനം നടത്തിയിരുന്നത്.

നിർമ്മാണം കഴിഞ്ഞാലുടൻ യുവാക്കൾക്കും കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം സ്റ്റേഡിയം ഒരുപോലെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിർമ്മാണച്ചെലവ് - 1 കോടി

നിർമ്മാണം ആരംഭിച്ചത് - കഴിഞ്ഞ ഓഗസ്റ്റിൽ

സംരക്ഷണഭിത്തിയും വേലിയും നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

റോഡിനോട് ചേർന്ന ഭാഗത്ത് ഇരുപതടിയോളം ഉയരത്തിലാണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. ഇതിന് മുകളിൽ ഇരുമ്പ് തൂണുകൾ നിറുത്തി ഉയരത്തിൽ ഇരുമ്പ് വല സ്ഥാപിച്ച് വേലിയും ഒരുക്കിയിട്ടുണ്ട്.

ഉടൻ പ്രർവത്തനസജ്ജമാകും

വെള്ളം,വെളിച്ചം,ടോയ്ലെറ്റ്,ഡ്രസിംഗ് റൂം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കൂടി തയ്യാറാകുന്നതോടെ സ്റ്റേഡിയം പൂർണമായും പ്രർവത്തനസജ്ജമാകും.

അറ്റകുറ്റപ്പണികൾ കഴിഞ്ഞ് സംരക്ഷണഭിത്തിയും,വേലിയും നിർമ്മിക്കുന്നതോടെ സ്റ്റേഡിയം പൂർണമായും ഉപയോഗിക്കാൻ കഴിയും.

ഗ്രാമീണ മേഖലയിലെ കായിക രംഗം ശക്തിപ്പെടുത്താൻ കോളൂർ സ്റ്റേഡിയത്തിന് കഴിയും.

പള്ളിയറ ശശി,പ്രസിഡന്റ്

മുദാക്കൽ ഗ്രാമപഞ്ചായത്ത്