എഐ ഈ മേഖലയിലേക്ക് കടന്നു വരില്ല, ഏറ്റവും സുരക്ഷിതമായ ജോലികളിലൊന്ന് ഇതാണ്, വെളിപ്പെടുത്തി ഗവേഷകൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധിയുടെ കടന്നുവരവോടെ മനുഷ്യ ശേഷി ഉപ.യോഗിച്ചിരുന്ന പല ജോലികളും ഇല്ലാതായി തുടങ്ങി. ഭാവിയിൽ പല ജോലികളും എ.ഐ ഏറ്റെടുക്കുമെന്നാണ് പ്രവചനം. ഇതോടെ പലർക്കും തൊഴിൽ ഇല്ലാതാകും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഈ ആശങ്കയെ സ്ഥിരീകരിക്കുന്നതാണ് ഗൂഗിളിലെ മുൻ ഗവേഷകനും എ.ഐയുടെ ഗോഡ്ഫാദർ എന്നും വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്റൺ പങ്കുവച്ചിരിക്കുന്നത്.
പല ജോലികളിലും മനുഷ്യരെക്കാൻ മികച്ച പ്രകടനം നടത്താൻ എ.ഐയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഉത് ധാരാളം പേർക്ക് ജോലി നഷ്ടപ്പെടാൻ കാരണമാകുമെന്നും ഹിന്റൺ ചൂണ്ടിക്കാട്ടി. അതേസമയം എ.ഐയുടെ വരവിനിടയിലും സുരക്ഷിതമായ ചില ജോലികളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിൽ ഒന്നാണ് പ്ലംബിംഗ്. പ്ലംബിംഗ് സുരക്ഷിതമായ ജോലിയാണെന്നാണ് ഹിന്റൺ പറയുന്നത്. ശാരീരിക അദ്ധ്വാനമുള്ള ജോലികളിലേക്ക് മെഷീനുകൾ ഉടനടി കടന്നേക്കില്ല. മനുഷ്യരെപ്പോലെ ശാരീരികമായി അദ്ധ്വാനിക്കുന്ന രീതിയിലേക്ക് മെഷീനുകൾ മാറാൻ സമയമെടുത്തേക്കും. അതിനാൽ ഒരു പ്ലംബറാവുക എന്നതായിരിക്കും മികച്ച തീരുമാനമെന്നും അദ്ദേഹം പോഡ്കാസ്റ്റിനിടെ പറഞ്ഞു.
എന്നാൽ ബുദ്ധിപരമായി ചെയ്യേണ്ട ജോലികളിൽ എ.ഐ മനുഷ്യരെ തുടച്ചു നീക്കുമെന്നാണ് ഹിന്റണിന്റെ പ്രവചനം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുന്നവർ തൊഴിൽ നഷ്ടത്തെ ഭയക്കണമെന്നും അത് സംഭവിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഭാവിയിൽ പ്രത്യേക വൈദഗ്ദ്ധ്യമോ നൂതന കഴിവുകളോ ഉള്ളവർക്ക് മാത്രമേ എ.ഐയുടെ മുന്നിൽ ജോലി നഷ്ടപ്പെടുന്നതിൽ നിന്ന് സുരക്ഷിതരാകാൻ കഴിയൂ എന്നും ഹിന്റൺ കൂട്ടിച്ചേർത്തു.