ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന അവസ്ഥ വരും, ലോകമെങ്ങും ഇംഗ്ലീഷ് ഭാഷ അവഗണിക്കപ്പെടുമെന്ന് അമിത് ഷാ
ന്യൂഡൽഹി: രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ ലജ്ജിക്കുന്ന അവസ്ഥ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അശുതോഷ് അഗ്നിഹോത്രിയുടെ പുസ്തകം ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം രാജ്യം,സംസ്കാരം,ചരിത്രം,മതം എന്നിവ മനസിലാക്കാൻ ഒരു വിദേശ ഭാഷ വഴിയും കഴിയില്ല. രാജ്യത്തിന്റെ ഭാഷകൾ ഇന്ത്യൻ സംസ്കാരത്തിന്റെ വിലമതിക്കാനാകാത്ത രത്നങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. അപൂർണമായ വിദേശ ഭാഷകളിലൂടെ ഒരു സമ്പൂർണ ഇന്ത്യയെ സങ്കൽപ്പിക്കാനാവില്ല. ഈ പോരാട്ടം എളുപ്പമല്ലെങ്കിലും ഇന്ത്യൻ സമൂഹം വിജയിക്കുമെന്നുറപ്പാണ്. ഇന്ത്യ ഭാഷാപരമായ പൈതൃകം വീണ്ടെടുത്ത് അഭിമാനത്തോടെ ലോകത്തെ നയിക്കാനുള്ള സമയം അതിക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭാഷകളുടെ അഭാവത്തിൽ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരാകില്ല. മാറ്റം ഒരു ബഹുജന പ്രസ്ഥാനമായി മാറുമ്പോൾ,അത് ഒരു വിപ്ലവമായി മാറുന്നു. ദൃഢനിശ്ചയമുള്ള ആളുകൾക്കേ മാറ്റം കൊണ്ടുവരാനാകൂ. ഇന്ന്, രാജ്യത്ത് മാറ്റം കാണാൻ കഴിയും. പ്രധാനമന്ത്രി മോദിയുടെ അഞ്ച് പ്രതിജ്ഞകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൊളോണിയൽ അടിമത്വത്തിന്റെ പ്രതീകമായി ലോകമെമ്പാടും ഇംഗ്ലീഷ് ഭാഷ അവഗണിക്കപ്പെടുമെന്നും ഷാ പറഞ്ഞു. ഇന്ത്യൻ ഭാഷകളുടെ സംരക്ഷണത്തിനായുള്ള പോരാട്ടം അതികഠിനമാണെന്നും എന്നാൽ ആ പോരാട്ടത്തിൽ ഇന്ത്യൻ സമൂഹം വിജയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.