ഞാറ്റുപാട്ടിന്റെ ഈണമൊഴിഞ്ഞ് പഴയകുന്നുമ്മലിലെ നെൽപ്പാടങ്ങൾ
കിളിമാനൂർ: വയലുകൾ തരിശിട്ട് തുടങ്ങി, കർഷകർ നെൽകൃഷിയിൽ നിന്ന് പിൻവാങ്ങുന്നു. കാട്ടുപന്നി ശല്യം,കാലാവസ്ഥ വ്യതിയാനം,തൊഴിലാളികളുടെ ലഭ്യതക്കുറവ്,വർദ്ധിച്ച ചെലവ്,യഥാസമയം നെല്ലിന് വില നൽകാതിരിക്കൽ തുടങ്ങി നിരവധി കാരണങ്ങളാലാണ് കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നത്.
നെൽക്കൃഷി ചെയ്താൽ കൊയ്യാൻ പാകമാകുമ്പോഴേക്കും കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി ചേറിൽ ചവിട്ടിമെതിച്ച് നശിപ്പിക്കുമെന്ന് കർഷകർ പരാതിപ്പെടുന്നു.
കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടാൽ പോംവഴികൾ കാണാതെ അധികൃതരും കൈയൊഴിയുകയാണ്. പെറ്റ്പെരുകുന്ന പന്നിക്കൂട്ടത്തിന്റെ പ്രജനനം തടയാനോ,ഇവയെ വെടിവച്ച് കൊല്ലാനോ കഴിയാത്ത നിലയിൽ കാട്ടുപന്നി പെരുകിയിട്ടുണ്ട്. നെൽക്കൃഷി വീണ്ടും ആരംഭിക്കാൻ അധികൃതർ വേണ്ട നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അടയമണിലെ നെൽക്കൃഷി
പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നാണ് അടയമണിലേത്.
42ഓളം ഏക്കറിൽ കൃഷിയുണ്ടായിരുന്നു
40ഓളം കർഷകർ പണിയെടുത്തിരുന്നു,
ഇപ്പോൾ ഒന്നാംവിള നെൽകൃഷിയെ ചെയ്യുന്നില്ല.
ആയിരം കിലോയോളം നെല്ല് സപ്ലെെകോയിൽ നൽകിയിരുന്ന പാടശേഖരമാണിത്.
അടയമൺ എന്നല്ല പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഒരു പാഠശേഖരത്തിലും ഇത്തവണ ഒന്നാംവിള നെൽക്കൃഷി ചെയ്യുന്നില്ല.
പ്രതിസന്ധിക്ക് കാരണം
വരമ്പൊരുക്കൽ,കന്നുപൂട്ട്,നടവ്...എല്ലാം കൂടി 50,000 രൂപയോളം ചെലവാകും. എന്നാൽ തിരികെ കിട്ടുന്നത് പകുതിയിൽ താഴെ മാത്രമാണ്. പ്രതികൂല കാലാവസ്ഥ,സാമ്പത്തിക പ്രതിസന്ധി,താങ്ങാനാവാത്ത ജോലിക്കൂലിയുമൊക്കെ മറികടന്നാണ് ഇവർ കൃഷിയിറക്കുന്നത്.
പാടശേഖര സമിതി,കർഷക കൂട്ടായ്മ ഇവരുടെ പരിശ്രമമാണ് അവശേഷിക്കുന്ന കൃഷി. പന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവർ രണ്ടാഴ്ചയിൽ ഒരിക്കലെത്തി വെടി പൊട്ടിക്കാറാണുള്ളത്. ഇതിന് പകരം സ്ഥലത്ത് തുടർച്ചയായി ക്യാമ്പ് ചെയ്ത് കാടുകളും ചതുപ്പുകളും അരിച്ചുപെറുക്കി പന്നികളെ വെടിവച്ച് കൊല്ലണം.
അടയമൺ മുരളീധരൻ, കർഷക
കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്