വൈശാഖ മഹോത്സവം; കൊട്ടിയൂരിൽ ഇന്ന് രേവതി ആരാധന

Thursday 19 June 2025 10:20 PM IST

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ മൂന്നാമത്തെ ആരാധനയായ രേവതി നാൾ ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. ആരാധനാ നാളിൽ സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയാണ് നടക്കുക. ആരാധനയുടെ ഭാഗമായി ആരാധനാ സദ്യയും ഉണ്ടാകും.സന്ധ്യയ്ക്ക് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ പാലഭിഷേകവും നടത്തും.കോട്ടയം കോവിലകത്തു നിന്നും കൊണ്ടുവരുന്ന വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കളഭവും പെരുമാൾക്ക് അഭിഷേകം ചെയ്യും. നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന 24 ന് നടക്കും.

പ്രസാദമായി അരച്ചെടുത്ത ചന്ദനം

കൊട്ടിയൂരിൽ എത്തുന്ന ഭക്തർക്ക് പ്രസാദമായി നൽകുന്നത് ബ്രാഹ്മണർ കൈകൊണ്ട് അരച്ചെടുത്ത ചന്ദനമാണ്. തിടപ്പള്ളിയുടെ കിഴക്കുഭാഗത്ത് വാളറയുടെ സമീപത്ത് നിന്നാണ് ചന്ദനം അരയ്ക്കുന്നത്. രാവിലെ ഉഷഃപൂജ മുതൽ ആരംഭിക്കുന്ന ചന്ദനം അരയ്ക്കൽ രാത്രി ശ്രീഭൂതബലി വരെ നീളും. പത്തോളം പേരാണ് ചന്ദനം അരയ്ക്കുന്നതിനായി അക്കരെ ക്ഷേത്രത്തിലുള്ളത്. അരച്ചെടുത്ത ചന്ദനം മണിത്തറയിൽ സമർപ്പിച്ച് സ്വയംഭൂ വിഗ്രഹത്തിൽ ചാർത്തിയ ശേഷം ഭക്തർക്ക് പ്രസാദമായി നൽകും.വൈശാഖ മഹോത്സവകാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് അക്കരെ കൊട്ടിയൂരിൽ ദർശനത്തിനായെത്തുന്നത്.ഇവർക്കെല്ലാവർക്കും അരച്ചെടുത്ത ചന്ദനമാണ് പ്രസാദമായി നൽകുന്നത്.