ചുറ്റുമതിൽ വാഗ്ദാനത്തിലൊതുങ്ങി, മെഡി. കോളേജ് പരിസരം സാമൂഹ്യവിരുദ്ധ താവളം
ആലപ്പുഴ : ചുറ്റുമതിൽ നിർമ്മാണം വാഗ്ദാനത്തിലൊതുങ്ങിയതോടെ ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജ് ക്യാമ്പസ് സാമൂഹ്യവിരുദ്ധരുടെ താവളമായി. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ചതാണ് ചുറ്റുമതിൽ. എന്നാൽ,
ചർച്ചകൾ പലത് കഴിഞ്ഞിട്ടും മതിൽ നിർമ്മാണം എങ്ങുമെത്തിയില്ല. ഇതോടെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. ചുറ്റുമതിൽ നിർമ്മിക്കാത്തതിനെതിരെ കോളേജിലെ ആറുവിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കളർകോട് വാഹനാപകടത്തിൽ കോളേജിലെ ആറുവിദ്യാർത്ഥികൾ മരിച്ചതിനെത്തുടർന്ന് ക്യാമ്പസിലെത്തിയ കെ.സി.വേണുഗോപാൽ എം.പി,
ചുറ്റുമതിൽ ഉടൻ നിർമ്മിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് എം.പിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രത്യേക യോഗവും ചേർന്നു. ദേശീയ പാത അതോറിട്ടിയുടെ കണ്ടിജൻസി ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി ചുറ്റുമതിൽ നിർമ്മിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പായിട്ടില്ല.
പൊളിച്ചുനീക്കിയിട്ട് മൂന്നുവർഷം
# പെൺകുട്ടികൾ ഉൾപ്പടെ 2000 വിദ്യാത്ഥികളുള്ള പത്തിലധികം ഹോസ്റ്റലുകൾ,
ജീവനക്കാരുടെ ക്വാട്ടേഴ്സ്, പത്തോളജി ലാബ് എന്നിവ ഉൾപ്പടെ സുരക്ഷാഭീഷണിയിലാണ്
# മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, പി.പ്രസാദ്, ബാലഗോപാൽ, നാലോളം എം.എൽ.എമാർ എന്നിവർക്ക് പി.ടി.എ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല
# അറുപതിലധികം വർഷം പഴക്കമുള്ള ആലപ്പുഴയിലെ ഏക മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രത്തോട് കാണിക്കുന്ന അവഗണനയാണിതെന്നും ആക്ഷേപമുണ്ട്
ചുറ്റുമതിൽ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം. അല്ലാത്ത പക്ഷം പി.ടി.എയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സമരം സംഘടിപ്പിക്കും
-ഷാജി വാണിയപ്പുരയ്ക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ്, ആലപ്പുഴ മെഡിക്കൽ കോളേജ്