പുന്നപ്രയിലെ വനിതകൾ ഇനി ''ഫിറ്റാകും''

Friday 20 June 2025 1:42 AM IST

ആലപ്പുഴ: ആരോഗ്യ - സൗന്ദര്യ സംരക്ഷണം ലക്ഷ്യമിട്ട് വനിതകൾക്കായി ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുകയാണ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. പുന്നപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയിൽ പൂർണ്ണമായും ശീതികരിച്ച 2000 ചതുരശ്ര മീറ്ററിൽ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് സെന്ററിൽ കാർഡിയോ, സ്ട്രെങ്ങ്തനിംഗ്, വെയിറ്റ് ട്രെയിനിംഗ് തുടങ്ങിയ പരിശീലനങ്ങളും പ്ലേറ്റ്, ഡമ്പൽസ്, ബാർ, ചെസ്റ്റ് പ്രസ്, ഷോൾഡർ പ്രസ്, സ്മിത്ത്, ലാറ്റ് പുൾഡൗൺ, ട്രെ, സൈക്കിൾ, റോവിംഗ് മെഷീൻ തുടങ്ങി പതിനഞ്ചിലധികം ആധുനിക പരിശീലന സംവിധാനങ്ങളുമുണ്ട്.

മിതമായ നിരക്കിൽ സ്ത്രീകൾക്ക് ഇവിടെ പരിശീലനം നേടാം. സർട്ടിഫൈഡ് വനിതാപരിശീലകയാണ് നേതൃത്വം നൽകുന്നത്. രാവിലെ 5.30 മുതൽ 11 മണിവരെയാണ് പരിശീലനം. 13 മുതൽ 65 വയസ് വരെയുള്ള സ്ത്രീകൾ ജിംനേഷ്യത്തി​ൽ എത്തുന്നുണ്ട്. പുന്നപ്രയിലെ സ്ത്രീകൾ ആവേശത്തോടെയാണ് ഫിറ്റ്നസ് സെന്ററിനെ സ്വകരിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് പറഞ്ഞു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണത്തിന് 20,76,406 രൂപയും ഉപകരണങ്ങൾക്കായി 10 ലക്ഷം രൂപയും ഫർണിച്ചറിന് 25,000 രൂപയും ഉൾപ്പടെ 31,01,406 രൂപയാണ് വനിതാ ജിമ്മിന്റെ ആകെ ചെലവ്.