ബംഗളുരുവിന് ഗുരുമന്ദിരത്തിൽ തിളങ്ങും മാന്നാറിന്റെ പെരുമ
മാന്നാർ: വെങ്കലനാടായ മാന്നാറിന്റെ ശില്പവൈദഗ്ദ്ധ്യം ഇനി ബംഗളുരു ശ്രീനാരായണ സമിതിയുടെ സർജ്ജാപുര ശ്രീ ഗുരുദേവ - അയ്യപ്പസ്ഥാനം ക്ഷേത്രസമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ തിളങ്ങും. ശില്പിയും ചിത്രകാരനുമായ മാന്നാർ ആലയ്ക്കൽ രതീഷിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവുമായി മാന്നാറിൽ നിന്നും ബംഗളുരുവിലേക്ക് യാത്ര തിരിച്ചു.
45 ദിവസമെടുത്താണ് വിഗ്രഹത്തെ നിയതമായ കണക്കുകൾ പ്രകാരം പൂർണരൂപത്തിലേക്ക് എത്തിച്ചതെന്ന് ശില്പി പറഞ്ഞു. 90 കിലോയോളം ഭാരമുള്ള വിഗ്രഹത്തിന് 76.1 സെന്റീമീറ്റർ ഉയരവും 72 സെന്റീ മീറ്റർ വീതിയും ഉണ്ട്. തേജസ്സാർന്ന ഗുരുദേവ വിഗ്രഹ നിർമ്മാണത്തിന് ഹരിദാസ് കിംകോട്ടേജ്, സമിതി കോർഡിനേറ്റർ അനൂപ് എന്നിവർ മേൽനോട്ടം വഹിച്ചു.
ബംഗളുരു ശ്രീനാരായണ സമിതിക്ക് വേണ്ടി അഖിലഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന കൗൺസിൽ അംഗവും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ അഡ്വ.കെ.സന്തോഷ് കുമാർ ഗുരുദേവ വിഗ്രഹം ശില്പിയിൽ നിന്ന് ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ മാന്നാർ മേഖല കൺവീനർ സുധാകരൻ സർഗ്ഗം, ഹരിദാസ് കിംകോട്ടജ്, സജു സദാനന്ദൻ, കുരട്ടിശ്ശേരി ശാഖാ സെക്രട്ടറി തങ്കപ്പൻ, ചെയർപേഴ്സൺ വത്സല ശശികുമാർ, കൺവീനർ ശ്രീലതരവീന്ദ്രൻ എന്നിവർ പങ്കെടുത്തു. വിവിധ എസ്.എൻ.ഡി.പി യോഗം ശാകളുടെയും സംഘടനകളുടെയും സ്വീകരണത്തിന് ശേഷമാണ് ഗുരുദേവ വിഗ്രഹം ബ്ലാഗ്ലൂരിലേക്ക് കൊണ്ടുപോയത്.
22ന് രാവിലെ 9ന് അലങ്കരിച്ച രഥത്തിൽ സ്വാമി വിഖ്യാതാനന്ദയും ശ്രീനാരായണ സമിതി പ്രസിഡന്റ് എൻ.രാജമോഹനനും ചേർന്ന് വിഗ്രഹ പ്രതിഷ്ഠാ വിളംബര ഘോഷയാത്ര ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ വിഗ്രഹം ഏറ്റുവാങ്ങി സർജാപുര ക്ഷേത്ര സമുച്ചയത്തിലേക്ക് 9.30 ന് വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 4ന് സർജാപുരയിൽ എത്തിക്കുന്ന വിഗ്രഹം താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേശ പ്രദക്ഷിണത്തിനുശേഷം സമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയ ത്തിനുള്ളിൽ പ്രവേശിച്ച് സോൺ ഭാരവാഹികൾക്ക് കൈമാറും. 27 ന് താന്ത്രിക പൂജകളോടും ആചാരാനുഷ്ഠാനങ്ങളോടെയും തിരുവനന്തപുരം കുടുക്കശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടത്തും.