തിരുവല്ലത്തെ മാല മോഷണം: പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു
കോവളം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ വീട്ടമ്മയുടെ ആറുപവന്റെ മാല മോഷണം പോയ സംഭവത്തിലെ പ്രധാന പ്രതി പാലക്കാട് പൊള്ളാച്ചി സ്വദേശി രതി (40)യെ പൊലീസ് തിരിച്ചറിഞ്ഞു.
മലയാലപ്പുഴ ക്ഷേത്രത്തിലെ മറ്റൊരു മാല പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. തുടരന്വേഷണത്തിലാണ് തിരുവല്ലത്തെ മോഷണത്തെക്കുറിച്ചും പൊലീസ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് രാവിലെ 9ഓടെയാണ് പള്ളിച്ചൽ സ്വദേശി രമേഷും ഭാര്യ ശ്രീലേഖയും ക്ഷേത്രത്തിലെത്തിയത്. ബലിതർപ്പണത്തിനുശേഷം 10.40ഓടെ ഇരുവരും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ശ്രീലേഖയുടെ മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടൻ തന്നെ തിരുവല്ലം സ്റ്റേഷനിലെത്തി പരാതി നൽകി. സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോൾ മാല പൊട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടരന്വേഷണത്തിൽ തമിഴ്‌നാട് തിരുവട്ടാർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ ഇയാളെ വെറുതെ വിടുകയായിരുന്നു.
രതിയെക്കൂടാതെ സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് സൂചനയുണ്ട്. പാലക്കാട് ചിറ്റൂരിലാണ് ഇവർ താമസിക്കുന്നത്. കേരളത്തിലെ തിരക്കേറിയ ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന സ്വർണം പൊള്ളാച്ചിയിൽ വിൽക്കുകയാണ് ഇവരുടെ രീതി. 'സംഘത്തിലെ ഉയരംകൂടിയ രതി,സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. അടുത്തയാൾ മാല മുറിക്കും, എന്നിട്ട് അടുത്തയാളിന് കൈമാറും -തിരുവല്ലം പൊലീസ് പറഞ്ഞു.
രതിയുടെ ഭർത്താവ് ഇളയരാജയും സുഹൃത്ത് ശക്തിവേലും ചേർന്നാണ് സ്വർണം വിൽക്കുന്നത്. കഴിഞ്ഞ ദിവസം രതിയെ തിരവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെത്തിച്ച് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതി കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.