ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഇരകളിൽ ഏറെയും മത്സ്യത്തൊഴിലാളികൾ

Friday 20 June 2025 3:06 AM IST

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് ജീവനക്കാരനെന്ന പേരിൽ നടത്തിയ തട്ടിപ്പിന് ഇരയായവരിൽ ഏറെയും മത്സ്യത്തൊഴിലാളികൾ. പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ ഉള്ളവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഇയാളുടെ സഹായിയായി പ്രവർത്തിച്ച പൂന്തുറ സ്വദേശിയാണ് മത്സ്യത്തൊഴിലാളികളെ ഇതിലേക്ക് കൊണ്ടുവന്നത്. ഇയാൾ ഒളിവിലാണ്.

അതേസമയം 50ലക്ഷത്തോളം രൂപ പലരിൽ നിന്ന് തട്ടിയെടുത്ത ആൾ സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഫോർട്ട് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഇയാളെ വിളിപ്പിച്ചെങ്കിലും തിങ്കളാഴ്ച പണം മുഴുവൻ തിരികെ നൽകാമെന്ന് അറിയിച്ചതിനാൽ അതിന് ശേഷമാകും തുടർനടപടി സ്വീകരിക്കുക. പണം തിരികെ ലഭിച്ചാൽ മതിയെന്ന നിലപാടിലാണ് പരാതിക്കാരിൽ ഭൂരിപക്ഷവുമെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ആളും പൂന്തുറ സ്വദേശിയും ചേർന്ന് വ്യാപകമായി പണം തട്ടിയത് ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകൾക്കും നഷ്ടമായത്. ഇതുവരെ 20 പരാതികൾ ഫോർട്ട്, അരുവിക്കര സ്‌റ്റേഷനുകളിൽ ലഭിച്ചു.