പ്രിയംവദ കൊലക്കേസ് : വീട്ടമ്മയുടെ സ്വർണമാല പ്രതി പണയം വച്ചു

Friday 20 June 2025 2:16 AM IST

വെള്ളറട: പനച്ചമൂട് കൊലക്കേസിൽ പ്രതി വിനോദ് കൊലപാതക ശേഷം പ്രിയംവദയുടെ സ്വർണമാല പണയം വച്ചതായി പൊലീസ് കണ്ടെത്തി. പ്രതി വിനോദ് ഉദയൻകുളങ്ങരിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സുഹൃത്തുവഴി 1,63,​000 രൂപയ്ക്കാണ് പണയം വച്ചത്.

കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി ഇന്നലെ വൈകിട്ട് പൊലീസ് പണമിടപാട് സ്ഥാപനത്തിലെത്തി. സ്ഥാപന അധികൃതർ ഈ ആഭരണം മറ്റൊരു സഹകരണ സംഘത്തിൽ പണയം വച്ചതായും കണ്ടെത്തി. സ്വർണം ഇന്ന് ഹാജരാക്കണമെന്ന് സ്ഥാപനത്തിന് വെള്ളറട പൊലീസ് നോട്ടീസ് നൽകി. പ്രിയംവദയുടെ മൊബൈൽ ഫോൺ സുഹൃത്തുവഴി ഉദയൻ കുളങ്ങരയിലെ കടയിൽ വിറ്റതായും സ്ഥിരീകരിച്ചു. കളിയിക്കാവിളയിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് പ്രതി ആദ്യം പറഞ്ഞിരുന്നത്.

പ്രിയംവദയുടെ കഴുത്തിലുണ്ടായിരുന്ന മാലയും മൂക്കുത്തിയും കമ്മലും മൊബൈൽ ഫോണും കാണാനില്ലെന്നായിരുന്നു മക്കളുടെ പരാതി. പണയംവച്ച പണത്തിൽ നിന്ന് കുറച്ചു തുക ഒരാൾക്ക് അയച്ചുകൊടുത്തതായും ബാക്കി തുക ഭക്ഷണം കഴിക്കാനും സുഹൃത്തുക്കൾക്ക് മദ്യസത്കാരം നടത്താനും വിനിയോഗിച്ചെന്നുമാണ് പ്രതിയുടെ മൊഴി. വരും ദിവസങ്ങളിലെ തെളിവെടുപ്പിൽ മൂക്കുത്തിയും കമ്മലും ഉൾപ്പെടെ കണ്ടെത്താനുണ്ടെന്ന് വെള്ളറട സി.ഐ വി.പ്രസാദ് പറഞ്ഞു.