ഭാരതാംബയിൽ വീണ്ടും പോര്,​ രാജ്ഭവനിൽ നിന്ന് മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി

Friday 20 June 2025 1:25 AM IST

തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലി വീണ്ടും സർക്കാർ - ഗവർണർ പോര്. ഇന്നലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ നിന്നിറങ്ങിപ്പോയി. പിന്നാലെ, മന്ത്രിയുടെ വാക്കൗട്ട് പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണറെ അപമാനിച്ചെന്നും ആരോപിച്ച് രാജ്ഭവൻ പത്രക്കുറിപ്പിറക്കി.

സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് വിതരണമായിരുന്നു ചടങ്ങ്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധം അറിയിച്ചാണ് ശിവൻകുട്ടി ചടങ്ങിൽ ആശംസയർപ്പിച്ച ശേഷം ഇറങ്ങിപ്പോയത്.

മന്ത്രിയെത്തിയപ്പോഴേക്കും പരിപാടി തുടങ്ങിയിരുന്നു. വിളക്കുകൊളുത്തലും പുഷ്പാർച്ചനയും കഴിഞ്ഞു. പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച മന്ത്രി, രാജ്ഭവനും സർക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം പാടില്ലായിരുന്നെന്ന് പറഞ്ഞു.

സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി. ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനു മുകളിലല്ല. ഗവർണറുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തുന്നു എന്ന് പറഞ്ഞായിരുന്നു മന്ത്രി ഇറങ്ങിയത്.

ഭാരതാംബയെ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് പിന്നീട് പ്രസംഗിച്ച ഗവർണർ പറഞ്ഞു.

ഗവർണർ വേദിയിലിരിക്കവേ, ദേശീയഗാനാലാപനത്തിന് കാത്തുനിൽക്കാതെയുമുള്ള മന്ത്രിയുടെ ഇറങ്ങിപ്പോക്ക് അതീവഗുരുതരമായി കാണുന്നെന്ന് രാജ്ഭവൻ പ്രതികരിച്ചു. ശിവൻകുട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ പി.രാജീവും പി.പ്രസാദും രംഗത്തെത്തി. രാജ്ഭവനു മുന്നിൽ ഡിവൈ.എഫ്.ഐ മാർച്ച് നടത്തി.

പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ വിവാദം

ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ സർക്കാർ ചടങ്ങ് മന്ത്രി പി.പ്രസാദ് ഒഴിവാക്കിയിരുന്നു. വിവാദം കൊഴുത്തതോടെ സർക്കാർ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കാൻ ധാരണയായിരുന്നു. രാജ്ഭവനെ ആർ.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താൻ ശ്രമിക്കരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

'ഗവർണറാണ് പ്രോട്ടോക്കോൾ ലംഘനം നടത്തിയത്. സർക്കാരിനെ വെല്ലുവിളിക്കുകയാണ്. പരിപാടി തീരുംമുൻപ് പോവാനുള്ള അവകാശം എനിക്കുണ്ട്".

-മന്ത്രി ശിവൻകുട്ടി

'ഭാരതാംബ രാജ്യസ്നേഹത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനമാണ്. പുതുതലമുറയിൽ ദേശസ്നേഹം വളർത്തുന്നതാണത്".

-ഗവർണർ ആർലേക്കർ

എല്ലാ പരിപാടിയിലും ഭാരതാംബ

രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബ ചിത്രവും പുഷ്പാർച്ചനയും നടത്താൻ ഗവർണർ നിർദ്ദേശിച്ചു. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗദിനാഘോഷത്തിലും ചിത്രമുപയോഗിക്കും. അതേസമയം, വിമുക്തഭടന്മാരുടെ പുനരധിവാസത്തിനുള്ള അമാൽഗമേറ്റഡ് ഫണ്ടിന്റെ മാനേജിംഗ് കമ്മിറ്റിയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ട് ചീഫ്സെക്രട്ടറിയും സൈനികക്ഷേമ ഡയറക്ടറും രാജ്ഭവനിലെത്തിയിരുന്നു. കോൺഫറൻസ് ഹാളിലായതിനാൽ ഭാരതാംബ ചിത്രമുണ്ടായില്ല.