ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ കണക്കിൽ മുന്നിൽ പാലക്കാട് : പന്നിക്കെണി കാലനായത് പത്ത് പാലക്കാട്ടുകാർക്ക്
തൃശൂർ: ലൈൻ കമ്പിയിൽ നിന്ന് പന്നിക്കെണിയിട്ടതിൽ തട്ടി സംസ്ഥാനത്ത് കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത് പാലക്കാട്ട്. പത്ത് പേർക്കാണ് കഴിഞ്ഞ ഒരു വർഷം പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റത്. തൃശൂരിൽ അഞ്ച് പേർക്കും ജീവൻ നഷ്ടപ്പെട്ടു. 2024 മാർച്ച് മുതൽ 2025 മാർച്ച് വരെയുള്ള കണക്കിൽ സംസ്ഥാനത്ത് 24 പേരാണ് കെണിയിൽ തട്ടി മരിച്ചത്.
കൃഷി നശിപ്പിക്കാനിറങ്ങുന്ന പന്നികളെയും മൃഗങ്ങളെയും തടയാനെന്ന പേരിലും പന്നികളെ പിടിച്ച് രഹസ്യമായി ഇറച്ചി വിൽപ്പന നടത്തുന്ന സംഘങ്ങളുമാണ് ഇത്തരത്തിൽ കെണിയൊരുക്കുന്നത്. മലപ്പുറത്ത് മൂന്ന് പേരും, പത്തനംതിട്ടയിൽ രണ്ടു പേരും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഓരോ ജീവൻ വീതവും നഷ്ടപ്പെട്ടു. ഓരോ വർഷവും ഇലക്ട്രിക് കമ്പി കെണിയിൽ തട്ടി മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞവർഷം 16 പേരാണ് ഇത്തരത്തിൽ മരണപ്പെട്ടത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള കണക്കിലാണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി വ്യക്തമാക്കിയിട്ടുള്ളത്.
കെണിയിടുന്നത് രഹസ്യമായി
ആരുമറിയാതെയാണ് ഇലക്ട്രിക് ലൈനിൽ നിന്ന് നേരിട്ട് കമ്പികളിട്ട് കെണിയൊരുക്കുന്നത്. ഇലക്ട്രിക് ലൈനിലേക്ക് കമ്പി വളച്ചിട്ട ശേഷം പന്നികളും മൃഗങ്ങളും വരുന്ന ഭാഗത്തേക്ക് നീട്ടിയിടും. രാത്രി കെണിയിട്ട് പോകുന്നവർ രാവിലെ കമ്പി വലിച്ചിടാൻ മറക്കും. കൂടാതെ രാത്രിയിൽ അതുവഴി പോകുന്നവരും അപകടത്തിൽപെടും. ഗ്രാമങ്ങളിലും വനാതിർത്തിയോട് ചേർന്നുമാണ് ഇത്തരത്തിൽ കെണികളിടുന്നത്. ചില സ്ഥലങ്ങളിൽ വേലി പോലെ കമ്പികൾ കെട്ടി അതിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്നുമുണ്ട്.
പത്ത് വർഷം തടവ്
അനധികൃതമായി ഇലക്ട്രിക് വേലി കെട്ടുന്നതും ലൈനിൽ കമ്പിയിട്ട് നേരിട്ട് വൈദ്യുതിയെടുക്കുന്നതും നിയമവിരുദ്ധമാണ്. അനുമതിയില്ലാതെ വൈദ്യുതി മോഷ്ടിക്കുന്നവർക്ക് പത്ത് വർഷം വരെ തടവും പിഴയുമാണ് പരമാവധി ശിക്ഷ.
വൈദ്യുതി കെണിയിൽ മരിച്ചവർ
2021 7 2022 14 2023 16 2024 - 25 മാർച്ച് വരെ 24.