രാജ്യത്തെ മനസിലാക്കാൻ വിദേശ ഭാഷ പര്യാപ്തമല്ല: അമിത് ഷാ

Friday 20 June 2025 12:16 AM IST

ന്യൂഡൽഹി: രാജ്യത്തെ മനസിലാക്കാൻ വിദേശ ഭാഷകൾക്ക് കഴിയില്ലെന്നും ഇതു മനസിലാക്കി ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന അവസ്ഥ വരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അശുതോഷ് അഗ്നിഹോത്രിയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം രാജ്യം,സംസ്കാരം,ചരിത്രം,മതം എന്നിവ മനസിലാക്കാൻ ഒരു വിദേശ ഭാഷയും പര്യാപ്തമല്ല. അപൂർണമായ വിദേശ ഭാഷകളിലൂടെ ഒരു സമ്പൂർണ ഇന്ത്യയെ സങ്കൽപ്പിക്കാനാവില്ല. ഈ പോരാട്ടം എളുപ്പമല്ലെങ്കിലും ഇന്ത്യൻ സമൂഹം വിജയിക്കുമെന്നുറപ്പാണ്. ഇന്ത്യ ഭാഷാപരമായ പൈതൃകം വീണ്ടെടുത്ത് അഭിമാനത്തോടെ ലോകത്തെ നയിക്കാനുള്ള സമയം അതിക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണ്. നമ്മുടെ ഭാഷകളില്ലാതെ,നമ്മൾ യഥാർത്ഥ ഇന്ത്യക്കാരാകില്ല.

മാറ്റം ഒരു ബഹുജന പ്രസ്ഥാനമായി മാറുമ്പോൾ,അത് ഒരു വിപ്ലവമായി മാറുന്നു. ദൃഢനിശ്ചയമുള്ള ആളുകൾക്കേ മാറ്റം കൊണ്ടുവരാനാകൂ. ഇന്ന്, രാജ്യത്ത് മാറ്റം കാണാൻ കഴിയും. പ്രധാനമന്ത്രി മോദിയുടെ അഞ്ച് പ്രതിജ്ഞകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.