വാഗ്ദാനങ്ങളുമായി ട്രംപ് --- പാകിസ്ഥാനെ ഒപ്പം നിറുത്താൻ ശ്രമം
വാഷിംഗ്ടൺ: പാകിസ്ഥാന്റെ സൈനിക മേധാവി അസീം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നൽകിയതിലും രഹസ്യ ചർച്ച നടത്തിയതിനും പിന്നിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക,തന്ത്രപരമായ ലക്ഷ്യങ്ങളെന്ന് റിപ്പോർട്ട്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ യു.എസ് ഇടപെടലിന് തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ മേഖലയിൽ യു.എസിന്റെ ശക്തമായ സാന്നിദ്ധ്യം സ്ഥാപിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് ഡിമാൻഡുകൾ മുന്നോട്ടുവച്ചെന്നും പകരമായി സൈനിക ഓഫറുകൾ വാഗ്ദ്ധാനം ചെയ്തെന്നും വാഷിംഗ്ടണിൽ നിന്നുള്ള നയതന്ത്ര ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ട്രംപിന്റെ ആവശ്യങ്ങളോട് മുനീറിന് എതിർപ്പില്ലെന്നാണ് സൂചന.
ആവശ്യങ്ങൾ
1. യു.എസ് ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങിയാൽ,പാകിസ്ഥാൻ യു.എസിന്റെ പക്ഷത്ത് നിൽക്കണം
2. പാകിസ്ഥാനിലെ എയർബേസുകൾ,തുറമുഖങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് യു.എസിന് പ്രവേശനം അനുവദിക്കണം
3. ചൈനയിൽ നിന്നും റഷ്യയിൽ നിന്നും അകലം പാലിക്കണം
4. പഴയ പങ്കാളിത്തം മടക്കിക്കൊണ്ടുവരണം
പാകിസ്ഥാന് നൽകിയ ഓഫറുകൾ
1. അമേരിക്കൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ
2. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ. അത്യാധുനിക മിസൈൽ സംവിധാനങ്ങൾ
3. സാമ്പത്തിക സഹായം
4. പുതിയ സുരക്ഷാ,വ്യാപാര കരാറുകൾ
പാകിസ്ഥാന് ഇറാനെ മറ്റാരേക്കാളും നന്നായി അറിയാം. സംഭവിക്കുന്നതിൽ അവർ സന്തുഷ്ടരല്ല.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
പുകഴ്‌ത്തി മുനീർ
ട്രംപിന് സമാധാന നോബൽ നൽകണമെന്ന മുനീറിന്റെ പുകഴ്ത്തലിന് പിന്നാലെയാണ് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ആണവ യുദ്ധം ട്രംപ് ഇടപെട്ട് ഒഴിവാക്കിയതെന്നും മുനീർ പറഞ്ഞു.
ഒസാമയെ മറന്നോ ?
2001ൽ 3,000ത്തോളം പേരുടെ ജീവൻ കവർന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ അൽ ക്വഇദ തലവൻ ഒസാമ ബിൻ ലാദനെ യു.എസ് മറന്നോവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പാക് സേനാ മേധാവിക്ക് ട്രംപ് വിരുന്നൊരുക്കിയ പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. പാക് ആർമി ക്യാമ്പിന് സമീപമാണ് ലാദൻ ഒളിവിൽ കഴിഞ്ഞതെന്നും തരൂർ ചൂണ്ടിക്കാട്ടി.