ഇന്ത്യൻ വിദ്യാർത്ഥിനിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി, മരണകാരണം പുറത്തറിയിക്കാതെ അധികൃതർ

Friday 20 June 2025 10:08 AM IST

ഒട്ടാവ: കാനഡയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയും കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്. ഇന്നലെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാൻകൂവറിലെ കോൺസുലേ​റ്റ് ജനറൽ ഒഫ് ഇന്ത്യ അറിയിച്ചത്. മരിച്ചത് തന്യ ത്യാഗിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

കാനഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടെന്നും വിദ്യാർത്ഥിനിയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോൺസുലേ​റ്റ് ജനറൽ ഒഫ് ഇന്ത്യ എക്സിലൂടെ അറിയിച്ചു. യുവതിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അനുശോചനവും പ്രാർത്ഥനയും രേഖപ്പെടുത്തുന്നുണ്ടെന്നും കോൺസുലേ​റ്റ് ജനറൽ ഒഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തന്യ ത്യാഗിയുടെ മരണകാരണം ഇതുവരെയായിട്ടും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. യുവതി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്.

കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർ മരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏപ്രിൽ 19ന് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരുന്നു. 22കാരിയായ ഹർസിമ്രത് രൺധാവയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തുനിൽക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘം യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ലെന്ന് ഹാമിൽടൺ പൊലീസ് അറിയിച്ചിരുന്നു.

ഏപ്രിൽ 11ന് കാനഡയിൽ മലയാളി യുവാവിനെ കാറിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39) മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം ഉൾപ്പെടെയാണ് കാണാതായത്. ഫിന്റോ ആന്റണി കാനഡയിൽ 12 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.