മണിമലയാർ മാലിന്യമയം, രോഗഭീതിയിൽ ജനം

Saturday 21 June 2025 12:42 AM IST

മുണ്ടക്കയം : നാടിന്റെ ജീവനാഡിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. വെറും കുപ്പത്തൊട്ടിയാകാനാണ് മണിമലയാറിന്റെ വിധി. വേനലിൽ വറ്റിവരണ്ട ആറിന്റെ വശങ്ങളിൽ കുന്നോളം മാലിന്യമുണ്ട്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണേറെയും. മലിനജലം ഓട വഴിയാണ് ആറ്റിലേക്ക് ഒഴുക്കുന്നത്. കടും നിറത്തിൽ ഒഴുകിവരുന്ന മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. മഴ പെയ്താൽ മാലിന്യം കുത്തിയൊഴുകി സമീപത്തെ ചെക്ക് ഡാമിലടിയും. ഈ ചെക്ക്ഡാമിൽ നിന്നുമാണ് ജലവിതരണ വകുപ്പ് കുടിവെള്ളം മുണ്ടക്കയം പ്രദേശത്ത് പമ്പ് ചെയ്യുന്നത്. മുണ്ടക്കയത്തെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം ഓടയിലൂടെ മണിമലയാറ്റിലെത്തിച്ചേരാൻ തുടങ്ങിയിട്ട് നാളേറെയായി. മുൻപ് പഞ്ചായത്തും, ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കിയെങ്കിലും പിന്നീട് നിലച്ചു. ജലനിരപ്പ് ഉയർന്നതിനാൽ മാലിന്യം ഒഴുകിയെത്തുന്നത് കണ്ടെത്താനാകുന്നില്ല. അടിയന്തരമായി ഓടകളടക്കം ശുചീകരിച്ച് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതികൾ ഒലിച്ചുപോയി

സംരക്ഷണ പദ്ധതികൾ കടലാസിൽ ഒതുങ്ങിയതാണ് മണിമലയാറിന് ചരമഗീതമൊരുക്കിയത്. ബൈപ്പാസ് നിർമ്മാണ സമയം മുതൽ ടൗണിൽ നിന്ന് എത്തുന്ന ഓടയുടെ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ചയിലുണ്ട്. എന്നാൽ ഇവയെല്ലാം ജലരേഖയായി. വലിയ കുഴലിലൂടെ എത്തുന്ന വെള്ളം സംസ്‌കരിച്ച് വീണ്ടും ഉപയോഗപ്പെടുത്താനായിരുന്നു ആലോചന. വലിയ കുഴി എടുത്ത് വെള്ളം അതിലേക്ക് ആക്കാനും പദ്ധതിയുണ്ടായിരുന്നു. താത്കാലികമായി മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരാതിരിക്കാനാണ് നടപടി സ്വീകരിക്കേണ്ടത്.

ശുചീകരണം, പിന്നാലെ മാലിന്യം നിരവധി തവണ വിവിധ സംഘടനകളുടെയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശുചീകരണം നടത്തി മാലിന്യം നീക്കം ചെയ്തിരുന്നെങ്കിലും ഫലപ്രദമായില്ല. മാലിന്യം തള്ളുന്നത് തടയാനായി കമ്പിവല ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.

''മണിമലയാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. അധികൃതർ ഇതൊന്നും ഗൗനിക്കുന്നില്ല. നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും, ഇവയെല്ലാം ജലരേഖയായി മാറി.

-ഗോപാലകൃഷ്ണൻ, പ്രദേശവാസി