ഒമ്പത് വർഷത്തെ സിംഗിൾ ലൈഫ് അവസാനിക്കുന്നു, പുതിയ ജീവിത പങ്കാളിയെ പരിചയപ്പെടുത്തി അനീഷ് ഉപാസന

Friday 20 June 2025 3:49 PM IST

പുതിയ പങ്കാളിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സംവിധായകനും സെലിബ്രി​റ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. സീരിയൽ, വെബ് സീരീസ് താരം തുഷാരയാണ് അനീഷ് ഉപാസനയുടെ പങ്കാളി. 'സഖിയോടൊപ്പം' എന്ന ക്യാപ്ഷനോടുകൂടിയാണ് അനീഷ് ഉപാസന, പുതിയ പങ്കാളിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

അനീഷിന്റെ ആദ്യവിവാഹം നടി അഞ്ജലി നായരുമായിട്ടായിരുന്നു. ഇരുവരും ഒമ്പത് വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞു. സൂര്യ നായകനായ റെട്രോയിൽ അഭിനയിച്ച് സുപരിചിതയായി മാറിയ ബാലതാരം ആവണി അനീഷ് ഉപാസനയുടെയും അഞ്ജലിയുടെയും മകളാണ്. സ്​റ്റിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ച അനീഷ് പിന്നീട് സിനിമാ സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു. സെക്കൻഡ്സ്, പോപ്‌കോൺ,മാ​റ്റിനി, ജാനകി ജാനേ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

മോഹൻലാലിന് ഏറെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ എന്ന രീതിയിലും അനീഷ് ഉപാസന ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ മിക്ക ഫോട്ടോഷൂട്ടുകളും ചെയ്യുന്നത് അനീഷാണ്. മകളെ കണ്ടിട്ട് രണ്ട് വർഷമായെന്നും മകളോട് സംസാരിക്കാനുളള അവസരം വിരളമായിട്ടേ കിട്ടാറുളളൂവെന്നും അനീഷ് മുമ്പ് പറഞ്ഞിരുന്നു. 'പിറന്നാളിന് മാത്രമേ മകളെ വിളിക്കാറുളളൂ.മോൾ ഫോണൊന്നും എടുക്കാറില്ല, എപ്രിൽ പത്തിനാണ് പിറന്നാൾ. അവർ കുടുംബമായി കഴിയുന്നതുകൊണ്ട് ബുദ്ധിമുട്ടിക്കാൻ പോകാറില്ല. എവിടെയായാലും മകൾ സന്തോഷമായി കഴിയണമെന്ന് മാത്രമാണ് ആഗ്രഹം. മകൾ ഒപ്പമില്ലെന്ന വിഷമമുണ്ട്'- അനീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.