എറണാകുളത്തപ്പന് പഞ്ചലോഹ വിഗ്രഹവുമായി ബാലകൃഷ്ണഷേണായി 

Saturday 21 June 2025 12:54 AM IST
എറണാകുളത്തപ്പന്റെ പഞ്ചലോഹത്തിൽ തീർത്ത ചെറുവിഗ്രഹവുമായി വിനീതയും നന്ദകിഷോർ ഷേണായിയും ബാലകൃഷ്ണ ഷേണായിക്കൊപ്പം ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്

കൊച്ചി: ദേശനാഥനായ എറണാകുളത്തപ്പന്റെ ഭക്തർക്കായി ഭഗവാന്റെ പഞ്ചലോഹവിഗ്രഹങ്ങൾ തീർത്ത് ഇ.പി. ബാലകൃഷ്ണ ഷേണായിയും കുടുംബവും. വർഷങ്ങളായി എറണാകുളം ശിവക്ഷേത്രവുമായി അടുത്തബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ നീണ്ടകാലത്തെ ആഗ്രഹമാണ് പൂവണിയുന്നത്.

കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും ആരാധനാമൂർത്തിയുടെ പഞ്ചലോഹത്തിലും സ്വർണത്തിലും തീർത്ത ചെറുബിംബങ്ങൾ കിട്ടും. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന വിദേശികളുൾപ്പെടെ സന്ദർശകരും ഭക്തരും ഭഗവാന്റെ ബിംബം ആവശ്യപ്പെടാറുണ്ട്. അവർ നിരാശരായി മടങ്ങുന്നത് കണ്ടാണ് ഈ ആശയം പിറന്നതെന്ന് ബാലകൃഷ്ണഷേണായി പറയുന്നു.

പതിനഞ്ച് കൊല്ലം മനസിൽ കൊണ്ടുനടന്ന ആഗ്രഹത്തിന് ഫലപ്രാപ്തി കണ്ടുതുടങ്ങിയത് രണ്ടര വർഷം മുൻപാണ്. ചെന്നൈയിൽ ഒരു പ്രദർശനത്തിൽ പങ്കെടുക്കുമ്പോൾ പൊള്ളാച്ചിക്ക് സമീപമുള്ള പഞ്ചലോഹ വിഗ്രഹനിർമ്മാതാവിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ഗോളകയണിഞ്ഞ (അങ്കി), ചന്ദ്രക്കലാധാരിയായ എറണാകുളത്തപ്പൻ എന്ന സങ്കൽപ്പത്തിലാണ് പഞ്ചലോഹവിഗ്രഹം തീർത്തത്. എറണാകുളം, തൃശൂർ വടക്കുംനാഥ, വൈക്കം എന്നീ ശിവക്ഷേത്രങ്ങളിലും ഈ രൂപത്തിലാണ് ഭഗവാനെ അണിയിച്ചൊരുക്കുന്നത്.

മൂന്നിഞ്ച് ഉയരമുള്ള ബിംബത്തിൽ തൃക്കണ്ണും ഒൻപത് ചന്ദ്രക്കലകളും മുകളിൽ പാർവതി, പരമേശ്വരന്മാരുണ്ട്. സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, വെളുത്തീയം എന്നീ ലോഹങ്ങളുടെ മിശ്രിതക്കൂട്ടിലാണ് നിർമ്മാണം. ബാലകൃഷ്ണഷേണായിയും മകൻ നന്ദകിഷോർ ഷേണായിയും മരുമകൾ വി. വിനീതയും ചേർന്നാണ് ഡിസൈൻ തയ്യാറാക്കിയത്. ബാലകൃഷ്ണഷേണായിയുടെ ഭാര്യ അനസൂയ ബി. ഷേണായിയും ഉദ്യമത്തിൽ പങ്കാളിയായി. എറണാകുളത്തപ്പന്റെ സ്വന്തം നാട്ടിൽ ഭഗവാന് ഒരു ബിംബമാതൃക ഇല്ലെന്ന പോരായ്മ പരിഹരിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് കുടുംബം. പ്രശസ്തരെ പങ്കെടുപ്പിച്ചുള്ള ചടങ്ങിൽ ബിംബ പ്രകാശനം വൈകാതെ നടക്കും.