മരുഭൂമിയിൽ വെന്നിക്കൊടി പാറിച്ച പ്രൊഫഷണൽ ശ്യാം പി. പ്രഭുവിന്റെ സ്വപ്നനേട്ടം
'പിന്നിട്ട വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാറില്ല. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ പഠിച്ചു. വെല്ലുവിളികളെല്ലാം നല്ലതിന് വേണ്ടി ആയിരുന്നെന്ന് കരുതാനാണ് ഇഷ്ടം' പതിനെട്ട് വർഷമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഓറിയോൺ ബിസിനസ് കൺസൾട്ടൻസിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്യാം പി.പ്രഭു പറയുന്നു. ബിസിനസ് സംരഭകരുടെ വഴികാട്ടിയായി പ്രവർത്തിക്കുന്ന ഓറിയോൺ യു.എ.ഇയിലെ മുൻനിര കൺസൾട്ടൻസി കമ്പനികളിലൊന്നാണ്. എങ്ങനെ ഒരു കമ്പനി തുടങ്ങും? എങ്ങനെ ലൈസൻസ് എടുക്കും? ഏത് സ്ഥലമാണ് ഓഫീസ് തുടങ്ങാൻ അനുയോജ്യം...? ഇത്തരത്തിൽ ബിസിനസ് തുടങ്ങുമ്പോൾ ആയിരം ആശയക്കുഴപ്പങ്ങൾ അലട്ടുന്നവർക്ക് ഓറിയോൺ കൺസൾട്ടൻസി മാർഗ നിർദ്ദേശം നൽകിവരുന്നു. പതിനെട്ട് വർഷം കൊണ്ട് യു.എ.ഇയിൽ 6800ലധികം കമ്പനികൾ വിജയകരമായി സ്ഥാപിക്കാൻ സംരംഭകർക്ക് ഓറിയോൺ മാർഗനിർദ്ദേശം നൽകി. തൊടുപുഴക്കടുത്ത് വഴിത്തലയെന്ന കൊച്ചുഗ്രാമത്തിൽ നിന്ന് യുഎഇയിലെ പ്രമുഖ കൺസൾട്ടൻസി കമ്പനി ഉടമസ്ഥനായി വളർന്ന ശ്യാമിന്റെ ജീവിതം സ്വപ്നതുല്യവും കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറുള്ള ഒരോരുത്തർക്കും പ്രചോദനവുമാണ്. ഓറിയോൺ പിറന്ന വഴിയെയും കഠിനാദ്ധ്വാനം നേടിക്കൊടുത്ത അംഗീകാരങ്ങളെയും കുറിച്ച് ശ്യാം കേരളകൗമുദിയോട് മനസുതുറക്കുന്നു....
അഭിഭാഷകനിൽ നിന്നും
ബിസിനസുകാരനിലേയ്ക്ക്
കഴക്കൂട്ടം സൈനിക്ക് സ്കൂളിലായിരുന്നു പഠനം. ജീവിതത്തെക്കുറിച്ച് അച്ചടക്കമുള്ള ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കാൻ ആ കാലം സഹായിച്ചു. കോഴിക്കോട് ഗവ. ലാ കോളേജിൽ നിന്നും നിയമത്തിൽ ബിരുദമെടുത്ത ശേഷം തിരുവനന്തപുരം സെന്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്നും ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം കുറച്ചുകാലം ഹൈക്കോടതിയിലും ലോവർ കോടതികളിലും പ്രാക്ടീസ് ചെയ്തിരുന്നു. എന്നാൽ ഉയർന്ന അക്കാഡമിക് മികവുണ്ടായിട്ടും അഭിഭാഷകവൃത്തിയിൽ വലിയ പ്രതിസന്ധികൾ നേരിട്ടു. തോൽക്കാൻ തയ്യാറല്ലെന്ന നിശ്ചയദാർഡൃത്തോടെ ദുബായിൽ എത്തിച്ചേരുകയായിരുന്നു. അവിടെയെത്തി ഒരുവർഷത്തിനുള്ളിൽ ഓറിയോൺ ആരംഭിച്ചു. ഏറ്റവും നന്നായി അറിയാവുന്ന കമ്പനി നിയമവും അനുബന്ധ നിയമങ്ങളും പബ്ളിക് റിലേഷൻസിലുള്ള പ്രാഗൽഭ്യവും കൂടി ചേർന്നപ്പോൾ കൺസൾട്ടൻസി വലിയൊരു വിജയമായി മാറുകയായിരുന്നു. കംഫോർട്ട് സോണിന്റെ പുറത്താണ് വളർച്ചയെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. സ്ഥാപനം തുടങ്ങി കുറച്ചുനാൾക്ക് ശേഷം ദുബായിൽ സാമ്പത്തികമാന്ദ്യം വന്നു. 'ഈ പ്രതിസന്ധി ഒരു വെല്ലുവിളിയായി എടുക്കണം. അപ്പോൾ മാത്രമേ നമ്മുടെ ശക്തി സ്വയം തിരിച്ചറിയാനാവു..' ഇങ്ങനെയാണ് അന്ന് ദുബായിലെ ഭരണാധികാരി പറഞ്ഞത്. ആ വാക്കുകൾ മനസിൽ തൊട്ടു. തുടക്കത്തിൽ നേരിട്ട വെല്ലുവിളികളെല്ലാം വളർച്ചയ്ക്കുള്ള പടവുകളായി.
ഓറിയോണിന്റെ
പ്രത്യേകതകൾ
സംരംഭകർക്ക് ഓറിയോണിലുള്ള വിശ്വാസ്യതയാണ് കമ്പനിയുടെ മുതൽക്കൂട്ട്. 80 രാജ്യകളിൽ നിന്നുള്ള സംരഭകരും മൾട്ടി നാഷണൽ കമ്പനികളും ഓറിയോണിന്റെ ഉപഭോക്താക്കളാണ്. യു എ ഇ ലെ 17 ഫ്രീ സോണുകളുടെ രജിസ്റ്റേർഡ് ഏജന്റായ ഓറിയോൺ, ജനറൽ ട്രേഡിംഗ് ലൈസൻസ്, പ്രൊഫഷണൽ ലൈസൻസ്, ഇൻഡസ്ട്രിയൽ ലൈസൻസ് തുടങ്ങി പല മേഖലകളിലുള്ള ലൈസൻസുകൾ നൽകി വരുന്നു. കമ്പനി ലൈസൻസ്, ബാങ്ക് അക്കൗണ്ട്, വിസ അടക്കമുള്ള സേവനങ്ങൾ അവർക്കെടുത്ത് കൊടുക്കാൻ വിവിധ ഭാഷകൾ സംസാരിക്കുന്ന പ്രൊഫഷണലുകളാണ് ഓറിയോണിന്റെ ശക്തി. ഇതു കൂടാതെ മികച്ചൊരു ബാക്ക്അപ്പ് ടീം ഓറിയോണിന്റെ പ്രത്യേകതയാണ്. എല്ലാ പ്രവർത്തനങ്ങളും എവിടെയിരുന്ന് വേണമെങ്കിലും വീക്ഷിക്കാനും ഏകോപിപ്പിക്കാനുമുള്ള സോഫ്റ്റ്വെയർ സംവിധാനമുണ്ട്. ISO 27001 സർട്ടിഫിക്കേഷനുള്ള സൈബർ സുരക്ഷിതമായ അന്തരീക്ഷമാണ് മറ്റൊരു പ്രത്യേകത. അതിനാൽ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. 50ഓളം രാജ്യങ്ങളിൽ ഇന്റർമീഡിയറി കൺസൾട്ടൻസി ഉണ്ട്.
മിഡിൽ ഈസ്റ്റിന്
കരുത്ത്
പ്രശസ്ത മൾട്ടി നാഷണൽ കമ്പനികളെയും നിക്ഷേപകരെയും കണ്ടെത്തി യുഎഇയിൽ നിക്ഷേപിക്കാൻ ഓറിയോൺ എല്ലാവിധ സഹായവും നൽകുന്നു. ദുബായുടെ സാമ്പത്തികരംഗത്തും തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കുന്നു. യഥാർത്ഥത്തിൽ ദുബായ് ഒരു മരുഭൂമി ആണെങ്കിലും ഉയർന്ന കാഴ്ചപ്പാടുകളും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികളാണ് അവിടെയുള്ളത്. സീ പോർട്ട്, എയർ പോർട്ട് എന്നിവയുടെ അനുബന്ധമായി 45 ഓളം ഫ്രീ സോണുകളുണ്ട്. ഫ്രീ സോണിൽ നികുതി, കസ്റ്റംസ് ഡ്യൂട്ടി എന്നിവയിൽ ഇളവ് ലഭിക്കുകയും ടാക്സ് ആനുകൂല്യങ്ങളും ഉണ്ട്. നിക്ഷേപകർക്ക് കൂടുതൽ ഇൻസെന്റീവുകൾ ലഭിക്കും. അങ്ങനെ ലോകമെമ്പാടുമുള്ള കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കുന്നു. യു.എ.ഇയുടെ വളർച്ചയിൽ ഇത് വലിയൊരു ഘടകമാണ്. കേരളത്തിൽ ഇത്തരത്തിലുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി ഫ്രീസോണുകളും ബിസിനസ്സ് പാർക്കുകളും സ്ഥാപിച്ചാൽ ലോകമെമ്പാടുമുള്ള മൾട്ടി നാഷണൽ കമ്പനികൾ ഇവിടെ നിക്ഷേപിക്കും. ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയുടെ നട്ടെല്ലാണ് ഓറിയോൺ പോലുള്ള കൺസൾട്ടൻസി കമ്പനികൾ.
കുടുംബം
18 വർഷമായി ദുബായിലാണ് സ്ഥിരതാമസം. ഭാര്യ ഡോ. നടാഷ ശ്യാം. മക്കൾ കീർത്തന ശ്യാം (യു.കെ യൂണിവേഴ്സിറ്റി ഒഫ് ലീഡ്സിലെ ജേർണലിസം വിദ്യാർത്ഥി). മകൻ കരൺ ശ്യാം ( സി.എഫ്.ഒ ഓറിയോൺ). കുടുംബത്തിലെ എല്ലാവർക്കും ഗോർഡൻ വിസ ഉണ്ട്. യു.കെയിലെ ഹൗസ് ഒഫ് ലോർഡ്സിൽ നിന്നും വേൾഡ് എമേർജിംഗ് ലീഡർ അവാർഡ്, ഇൻഡോ ദുബായ് ഇന്റർനാഷണൽ അച്ചീവേഴ്സ് അവാർഡ്, പ്രവാസി ഭാരതി കർമ്മ ശ്രേഷ്ഠ അവാർഡ്, ഗോൾഡൺ അച്ചീവ്മെന്റ് അവാർഡ്, ഏഷ്യാസ് ഇൻസ്പിരേഷണൽ ലീഡർ അവാർഡ്, ഇന്ത്യാസ് ഗ്രേറ്റസ്റ്റ് ബ്രാൻഡ് ഇൻ ദി മിഡിൽ ഈസ്റ്റ് എന്നിവ നേടിയിട്ടുണ്ട്. 2024ൽ അന്താരാഷ്ട്ര കൺസൾട്ടിംഗിൽ അമേരിക്കൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിൽ കയറുകയും ഗോൾഡൻ മെഡൽ ലഭിക്കുകയും ചെയ്തു. പോപ്പ് ഫ്രാൻസിസിനെ റോമിലെത്തി സന്ദർശിച്ച ശിവഗിരി സംഘത്തിലെ അംഗമായിരുന്നു. ഇപ്പോൾ കൺസൾട്ടൻസി രംഗത്തിൽ വലിയ മത്സരമുണ്ട്. ഏറ്റവും മികച്ച സേവനങ്ങൾ ആത്മാർത്ഥതയോടെ ചെയ്ത് ഓറിയോൺ 50 രാജ്യങ്ങളിൽ രണ്ട് വർഷത്തിനകം ഫ്രാഞ്ചൈസി നൽകി മുന്നേറുമെന്ന് നിശ്ചയദാർഡൃത്തോടെ ശ്യാം പറയുന്നു.