വാമനപുരം പാർക്ക് ജംഗ്ഷനിൽ സിഗ്നൽ ബോർഡ് വേണം
വാമനപുരം: വാമനപുരത്ത് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ ബോർഡുകളോ സ്ഥാപിക്കാത്തത് അപകട ഭീഷണിയാകുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. കിളിമാനൂർ നിന്നും, തിരുവനന്തപുരത്തു നിന്നും,ആറ്റിങ്ങൽ നിന്നും,കുറ്ററ നെല്ലനാട് ഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്ന ഒരു ജംഗ്ഷനാണ് വാമനപുരം പാർക്ക് ജംഗ്ഷൻ. കുറച്ചുമാസം മുമ്പ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹനത്തിലെ അഞ്ച് വാഹനങ്ങളാണ് ഇവിടെ കൂട്ടിയിടിച്ചത്.സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ പൈലറ്റ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടതായിരുന്നു അപകടകാരണം.
ഇവിടെ യാതൊരു മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല. കാരേറ്റ് നിന്ന് വരുമ്പോൾ ഈ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിയുമ്പോഴാണ് ആറ്റിങ്ങൽ റോഡ്.ഇവിടെ സിഗ്നൽ ലൈറ്റില്ലാത്തതിനാൽ മിക്ക വാഹനങ്ങളും ഇവിടെ എത്തുമ്പോൾ സഡൻ ബ്രേക്കിട്ട് തിരിയുകയാണ് പതിവ്.ഇത് പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നു. നിരന്തരം അപകടം നടക്കുന്ന ഇവിടെ സിഗ്നൽ ലൈറ്റോ,സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകട മരണങ്ങളും
ഇവിടെ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.സമീപത്തെ ചായക്കടയിലെ ജീവനക്കാരൻ വാഹനം ഇടിച്ച് മരിച്ചതും,കോൺക്രീറ്റ് പണി കഴിഞ്ഞ് ജോലിക്കാരുമായി വന്ന ജീപ്പ് അപകടത്തിൽപ്പെട്ട് ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതും ഇതേ സ്ഥലത്ത് വച്ചാണ്.ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നിത്യവും ഇവിടെ നടക്കുന്നത്.
ശ്രദ്ധയുമില്ല
തിരക്കേറിയ വാമനപുരം പാർക്ക് ജംഗ്ഷനിൽ ഇരട്ട മഞ്ഞ വരയാണ് നൽകിയിരിക്കുന്നത്. തുടർച്ചയായ മഞ്ഞവര ഒരു കാരണവശാലും ഓവർടേക്ക് പാടില്ലെന്നും,അപകടസാദ്ധ്യത കൂടുതലുള്ള രണ്ടുവരി റോഡുകളിലാണ് ഈ വര ഇടുന്നതെന്നും പലർക്കും അറിയില്ല.ഇതും അപകടങ്ങൾക്ക് കാരണമാകുന്നു.
ഫോട്ടോ: വാമനപുരം പാർക്ക് ജംഗ്ഷൻ.