30 കിലോമീറ്റർ മൈലേജ്, വില വെറും ആറ് ലക്ഷം, എന്നിട്ടും ഈ കാറിന് വിൽപനയിൽ അത്ര ബലമില്ല

Friday 20 June 2025 9:37 PM IST

ഇന്ത്യയിലെ ജനപ്രിയ കാറുകളിറക്കുന്ന കമ്പനികൾ ഏതെല്ലാമാണെന്ന് ചോദിച്ചാൽ ഏതൊരു സാധാരണക്കാരനും പറയുന്ന മറുപടി ഏതാകും? മാരുതി, ഹ്യുണ്ടായ്, ടാറ്റ എന്നിവയാകും. ഇതിൽ ഏറെ മുന്നിലാണ് മാരുതിയുടെ കാറുകൾ. വിലയിലെ കുറവും മൈലേജിലെ ആകർഷകത്വവും ഏതൊരു സാധാരണക്കാരനെയും മാരുതി കാറിലേക്ക് തിരിയാൻ ഇടയാക്കും. ഒപ്പം ഏത് ചെറിയ പട്ടണത്തിലും സർവീസ് സെന്ററുകളും ഉണ്ടാകുമ്പോൾ വേറെ ചിന്തിക്കേണ്ട. എന്നാൽ ഇത്തരത്തിൽ ഇന്ത്യയിൽ ഏറെ ചിലവുള്ള മാരുതിയുടെ പ്രീമിയം ഹാച്ച്‌ബാക്ക് കാറിന് മുൻ വർഷത്തേക്കാൾ ഇപ്പോൾ വിൽപന കുറഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

പറഞ്ഞുവരുന്നത് ബലേനയെ കുറിച്ചാണ്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ 11,618 യൂണിറ്റ് ബലേനോയാണ് വിറ്റുപോയത്. 2024 മേയിൽ ഇത് 12,842 ആയിരുന്നു. 10 ശതമാനം അല്ലെങ്കിൽ 1200 ലധികം യൂണിറ്റിന്റെ കുറവ്. ഈ വർഷം ഏപ്രിലിലാകട്ടെ 13,180 കാറുകൾ വിറ്റു. ഇങ്ങനെ നോക്കിയാൽ കഴിഞ്ഞമാസം ബലേനോയ്‌ക്ക് വേണ്ടത്ര ശോഭിക്കാനായില്ല. പക്ഷെ പ്രീമിയം ഹാച്ച്‌ബാക്ക് കാറുകളിൽ ഇന്ത്യയിൽ ഇപ്പോഴും മുന്നിൽ വിൽപന നടക്കുന്നത് ബലേനോയ്‌ക്ക് തന്നെയാണ്. 6.70 ലക്ഷം മുതലാണ് ബലേനോയുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. ഏറ്റവും ടോപ്പ് വേരിയന്റിനാകട്ടെ 9.92 ലക്ഷം ആണ് എക്‌സ് ഷോറൂം വില.

ഭാരത് എൻസിഎപി ക്രാഷ് ടെസ്‌റ്റിൽ ഫോർ സ്റ്രാർ നേടിയ ബലേനോയുടെ പെട്രോൾ മോഡലിന് പരമാവധി ലിറ്റ‌റിന് 22.94 കിലോമീറ്ററാണ് മൈലേജ്. പെട്രോൾ-സിഎൻജി ബൈഫ്യുവൽ ഓപ്‌ഷനും നിലവിലുണ്ട്. 30.61 കിലോമീറ്ററാണ് സിഎൻജിയുടെ ഇന്ധനക്ഷമത.