കണ്ണൂരിൽ സർവകക്ഷിയോഗം തീരുമാനിച്ചു; തെരുവുനായകളെ പിടികൂടാൻ ഒരാഴ്ച
കണ്ണൂർ : രണ്ടുദിവസത്തിനുള്ളിൽ നഗരത്തിൽ എത്തിയ 77 ഓളം പേർക്ക് കടിയേല്ക്കുകയും കുത്തിവെപ്പെടുത്തിട്ടും അഞ്ചുവയസുകാരൻ പേവിഷബാധയേറ്റ് വെന്റിലേറ്ററിലാകുകയും ചെയ്ത ഗുരുതരസാഹചര്യം മുൻനിർത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ സർവകക്ഷിയോഗം ചേർന്നു. പടിയൂരിലെ എ.ബി.സി കേന്ദ്രത്തിന് കീഴിലുള്ള പരിശീലനം നേടിയ നായപിടിത്തക്കാരെ നിയോഗിച്ച് ഒരാഴ്ച്ചകകം മുഴുവൻ തെരുവുനായകളെയും പിടികൂടി ഷെൽട്ടർഹോമുകളിലാക്കാൻ യോഗം തീരുമാനിച്ചു. ജില്ലാകളക്ടർ അരുൺ കെ.വിജയനാണ് ഏകോപന ചുമതല.കന്റോൺമെന്റ് പരിധിയിലെ അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമിൽ പാർപ്പിക്കുന്നതിന് കന്റോൺമെന്റ് സി.ഇ.ഒക്കും യോഗം നിർദേശം നൽകി.
കണ്ണൂർ നഗരസഭയിൽ അടിയന്തിരമായി മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാനും മന്ത്രി നിർദേശിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പടിയൂർ എ.ബി.സി കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനം ഇതിനായി ലഭ്യമാക്കും. പയ്യാമ്പലത്ത് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടി പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ അടിയന്തര സാഹചര്യം നിലനിൽക്കുന്നുവെന്ന് ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകി.
കെ.വി.സുമേഷ് എം.എൽ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി, കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മീഷണർ സി നിതിൻരാജ്, എ.ഡി.എം കല ഭാസ്‌കർ, കണ്ണൂർ കന്റോൺമെന്റ് സി ഇ.ഒ മാധവി ഭാർഗവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നഗരത്തിൽ മൂന്ന് ഷെൽട്ടർഹോമുകൾ
പിടികൂടുന്ന നായകളെ പാർപ്പിക്കാൻ നഗരത്തിൽ രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോം സ്ഥാപിക്കും. കണ്ണൂർ കോർപറേഷനിൽ രണ്ടും കന്റോൺമെന്റ് പരിധിയിൽ ഒന്നും ഷെൽട്ടർ ഹോമുകളാണ് സ്ഥാപിക്കുന്നത്.
തെരുവുനായകൾക്കും കടിയേറ്റു
കഴിഞ്ഞ ദിവസം നിരവധിപേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ സാദ്ധ്യതയുണ്ടെന്ന മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിൽ മാറ്റാനും പേവിഷ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചത്. തെരുവുനായ്ക്കളെ പിടികൂടുക, ഷെൽട്ടർ ഹോമിലേക്ക് മാറ്റുക, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി.
മറ്റ് തീരുമാനങ്ങൾ
പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി
രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾക്ക് അലക്ഷ്യമായി ഭക്ഷണം നൽകുന്നതിനെതിരെ നടപടി
വളർത്തു നായ്ക്കൾക്ക് ലൈസൻസ് ,കൃത്യസമയത്ത് പേ വിഷ പ്രതിരോധ വാക്‌സിൻ എന്നിവ ഉറപ്പാക്കണം
ഇവയെ വീട്ടിൽ തന്നെ കെട്ടിയിട്ടു വളർത്തണം
നിയമലംഘനത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടി
ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, കന്റോൺമെന്റ് എന്നിവയുമായും പൊലീസ്, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പുകളുമായും നടത്തിയ ചർച്ചയിൽ അടിയന്തിരമായി മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു .നഗരത്തിലെ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും നഗരസഭ, ജില്ലാപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി ഇടപെടലുകൾ നടത്തണം. -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
കന്റോൺമെന്റ് പ്രദേശത്തെ മാലിന്യകൂമ്പാരത്തിന് അടിയന്തിരമായി പരിഹാരം കാണണം. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കണം. യോഗത്തിലെ നിർദേശങ്ങൾ നടപ്പാക്കിയ ശേഷം പ്രവർത്തനങ്ങൾ വിലയിരുത്താൻ തുടർ യോഗം ചേരും
അരുൺ കെ.വിജയൻ ,ജില്ലാ കളക്ടർ
ഷെൽട്ടർ ഹോമുകൾ ഒരുക്കുന്ന കാര്യത്തിൽ ജില്ലാതലത്തിൽ അടിയന്തിര നടപടി കൈക്കൊളളണം.
കെ.വി സുമേഷ് എം. എൽ. എ
തെരുവ് നായ വിഷയത്തിൽ ഊർജിത ഇടപെടൽ നടത്താൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണം. നായശല്യം തടയുന്നതിനുള്ള പ്രൊജക്ടുകൾ വാർഷിക പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടുത്തണം.
അഡ്വ. കെ.കെ രത്നകുമാരി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തദ്ദേശ സ്ഥാപനങ്ങൾക്ക് തേടാം.ഇതിനായി ജില്ലാ പൊലീസ് ആസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിക്കും.
സി .നിതിൻ രാജ് ,സിറ്റി പോലീസ് കമ്മീഷണർ
തെരുവുനായ ശല്യം പരിഹരിക്കാൻ പ്രായോഗികമായ കാര്യങ്ങൾ കോർപ്പറേഷൻ വളരെ വേഗം നടപ്പാക്കും.
സുരേഷ് ബാബു എളയാവൂർ ,കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ