സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല, അദ്ധ്യയനം പ്രതിസന്ധിയിൽ

Saturday 21 June 2025 3:16 AM IST

അമ്പലപ്പുഴ : സർക്കാർ ഏറ്റെടുത്ത കഞ്ഞിപ്പാടം എൽ.പി സ്കൂളിലെ കെട്ടിടത്തിന് ഈ വർഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അദ്ധ്യയനം പ്രതിസന്ധിയിൽ. നാട്ടുകാരുടെ വക മാനേജ്മെന്റിൽ പ്രവത്തിച്ചിരുന്ന 106വർഷം പഴക്കമുള്ള എൽ.പി സ്കൂൾ 2022 സെപ്റ്റംബർ 16നാണ് സർക്കാർ ഏറ്റെടുത്തത്.

പ്രധാന കെട്ടിടത്തിന് 106 വർഷം പഴക്കമുണ്ട്. കഴിഞ്ഞവർഷം വരെ ഈ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 5 ഡിവിഷനുകളുള്ള വിദ്യാലയത്തിൽ പി.എസ്.സി നിയമനം ലഭിച്ചു വന്ന എച്ച്.എം ഉൾപ്പടെ 5 അദ്ധ്യാപകരും, 40 കുട്ടികളുമുണ്ട്. 20 വർഷം മുമ്പ് നിർമ്മിച്ച ചെറിയ ഒരു ഹാളിലാണ് നിലവിൽ 2 ക്ലാസുകൾ പ്രവർത്തിക്കുന്നത്. 2016ൽ കെ.സി. വേണുഗോപാൽ എം.പിയുടെ ഫണ്ടിൽ നിന്നും 8.50 ലക്ഷം രൂപ മുടക്കി പണിത കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്. അവിടെയും 2 ക്ലാസുകൾ നടത്തുന്നുണ്ട്. ഇത്രയും വർഷമായിട്ടും ഈ കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ലാത്തതിനാൽ ഇവിടെ ക്ലാസ് നടത്താനാവില്ലെന്നാണ് അധികൃതർ പറയുന്നത്.

106 വർഷം പഴക്കമുള്ള കെട്ടിടം

 അഞ്ച് ഡിവിഷനുകളും ഒരു പ്രീ പ്രൈൈമറി ക്ലാസുമാണ് സ്കൂളിൽ പ്രവർത്തിക്കേണ്ടത്

 പുതിയ കെട്ടിടത്തിനായി 2 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു

 എന്നാൽ, മഴക്കാലം കഴിഞ്ഞേ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനാവുകയുള്ളൂ

 അതു വരെ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും

 നിർദ്ധനരായ കർഷകത്തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്

കമ്പ്യൂട്ടർ ലാബിന് കെട്ടിട നമ്പർ ഇട്ടു നൽകുകയും 2 മുറികളുള്ള ഒരുകെട്ടിടം പഞ്ചായത്ത് വാടകക്കെടുത്തു നൽകുകയും ചെയ്താൽ താത്ക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാനാവും

- എൻ.വി.വിവേകാനന്ദൻ, മുൻ മാനേജർ