പ്ലാറ്റ്ഫോം ദാരിദ്ര്യത്തിൽ വീർപ്പുമുട്ടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ

Saturday 21 June 2025 1:16 AM IST

ആലപ്പുഴ: യാത്രക്കാരും ട്രെയിനുകളും ഏറെയുണ്ടെങ്കിലും ആവശ്യത്തിന് പ്ലാറ്റ്ഫോമില്ലാതെ വീർപ്പുമുട്ടുകയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. ആലപ്പുഴ പ്രധാനപ്പെട്ട ടൂറിസം ഹബ് ആയതിനാൽ സഞ്ചാരികൾ കൂടുതലായെത്തുന്ന റെയിൽവേ സ്റ്റേഷൻകൂടിയാണിത്.

ആകെ മൂന്ന് പ്ലാറ്റ്ഫോമുകളാണ് ആലപ്പുഴയിലുള്ളത്. ഇതുകാരണം പല ട്രെയിനുകളും വൈകിയാണ് സ്റ്റേഷനിലെത്തുന്നത്. പ്ലാറ് റ്ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് പലതവണ യാത്രക്കാരുടെ സംഘടന അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ ആലപ്പുഴയിലെ പ്ലാറ്റ്ഫോം ദാരിദ്ര്യം കാരണം,​ ഒരു ട്രെയിൻ ഇവിടെ പിടിച്ചിട്ടാൽ പുറകെയുള്ളവ മാരാരിക്കുളം, ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ മണിക്കൂറുകളോളം പിടിച്ചിടേണ്ട അവസ്ഥയാണ് നിലവിൽ.

പ്ലാറ്റ്ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സ്ഥലമുണ്ടായിട്ടും ഇതുവരെ ഇതിനുള്ള നടപടി ആരംഭിച്ചിട്ടില്ലെന്നതാണ് ഏറെ ഖേദകരം.

ട്രെയിനുകൾ പിടിച്ചിടുന്നത് പതിവ്

1.രാവിലെ ആറിന് പുറപ്പെടുന്ന ധൻബാദ്, 7.25ന് പുറപ്പെടുന്ന ആലപ്പുഴ- എറണാകുളം മെമു എന്നിവ അരമണിക്കൂറെങ്കിലും പ്ലാറ്റ്ഫോമുകളിൽ പിടിച്ചിടാറുണ്ട്. ഇതുകാരണം പല ട്രെയിനുകളും വൈകുന്നത് പതിവാണ്

2. വൈകിട്ട് 3.20ന് പുറപ്പെടുന്ന ആലപ്പുഴ- ചെന്നൈ, 3.50ന് പുറപ്പെടുന്ന ആലപ്പുഴ-കണ്ണൂർ എന്നീ ട്രെയിനുകൾ ഒരേ സമയം പിടിച്ചിടുമ്പോൾ,​ ഒരു പ്ലാറ്റ്ഫോം മാത്രമാണ് മറ്റ് ട്രെയിനുകൾക്ക് കടന്നുപോകാനുണ്ടാവുക

3. ദേശീയപാത നവീകരണം നടക്കുന്നതിനാൽ ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തീരദേശ പാതയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തം

4. കായംകുളം,​ ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പുകളുള്ള ഏകദേശം 25 ട്രെയിനുകളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, തുറവൂർ എന്നിവിടങ്ങളിൽക്കൂടി സ്റ്റോപ്പ് അനുവദിച്ചാൽ പ്രയോജനപ്രദമായിരിക്കും

ആലപ്പുഴ സ്റ്റേഷൻ

പ്ലാറ്റ് ഫോമുകൾ : 3

വേണ്ടത്: 5

തിരക്കേറിയ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണം. ഇത് ട്രെയിൻ വൈകി ഓടുന്നതിന് പരിഹാരമാകും

-വി.അരുൺകുമാർ,​ യാത്രക്കാരൻ