ഒറ്റ വിഷയത്തിൽ രണ്ട് യോഗം
കണ്ണൂർ : നഗരത്തിൽ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനായി ഇന്നലെ നടന്നത് രണ്ട് യോഗങ്ങൾ.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും മേയർ മുസ്ലിഹ് മഠത്തിലിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഹാളിലുമാണ് സർവ്വകക്ഷി യോഗം നടന്നത്.തെരുവുനായകൾക്ക് ഉടൻതന്നെ ഷട്ടർ സ്ഥാപിക്കുന്നതിനുള്ള തീരുമാനമാണ് ഇരുയോഗങ്ങളിലുമെടുത്തത്. തെരുവ് നായക്കായി ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനും അതിനാവശ്യമായ പദ്ധതി ഡി. പി സി അംഗീകാരത്തിനായി സമർപ്പിക്കുന്നതിനും കോർപ്പറേഷനിൽ ഇന്നലെ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചു.
സ്വന്തമായി വാക്സിനേഷൻ നടത്തുന്നതിന് കോർപ്പറേഷൻ തീരുമാനിച്ചു. തെരുവ് നായകളെ പിടികൂടുന്നതിന് കോർപ്പറേഷനിലെ കണ്ടിജന്റ് വർക്കർമാർക്ക് പരിശീലനം നൽകുന്നതിനും നടപടി സ്വീകരിക്കും അതോടൊപ്പം ജൈവമാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിലേക്ക് ഉറവിടങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റുന്ന ഒരു പദ്ധതി കോർപ്പറേഷന്റെ പരിഗണനയിലുണ്ടെന്നും എത്രയും പെട്ടെന്ന് അത് നടപ്പിലാക്കുമെന്നും മേയർ പറഞ്ഞു.
യോഗത്തിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ , വി.കെ ശ്രീലത, സുരേഷ് ബാബു എളയാവൂർ, മുൻ മേയർ ടി.ഒ മോഹനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. സമീർ, സി.എറമുളാൻ , എം പ്രകാശൻ, എൻ സുകന്യ, വി.കെ ഷൈജു വ്യാപാരി പ്രതിനിധികളായ പി.ബാസിത്ത്, കെ.വി സലീം, രാജേഷ് കെ. ശ്യാം പി.സി കൻ്റോൺമെൻ്റ് പ്രതിനിധി കെ.വി ദാസൻ, റെയിൽവെ പ്രതിനിധി ജിനേഷ് എൻഎസ്. വെറ്റിറിനറി ഓഫീസർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
തെരുവ് നായ ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോർപറേഷനിൽ വിളിച്ച സർവ്വകക്ഷി യോഗത്തിൽ നിന്ന് എൽ.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. യോഗത്തിനിടെ യു.ഡി.എഫ് പ്രതിനിധികളായ സി സമീറും എറമുള്ളാനും തെരുവ് നായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും ജില്ലാ പഞ്ചായത്തിനെയും കുറ്റപ്പെടുത്തിയിരുന്നു. ഇതിൽ മേയർ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് പ്രവർത്തകർ യോഗത്തിൽ നിന്ന് ഇറങ്ങിപോയത്. ഇറങ്ങിപ്പോകുന്നതിന് മുമ്പായി ഇരു വിഭാഗവും വാക്കേറ്റത്തിലുമേർപ്പെട്ടു.സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഉത്തരവാദിത്വത്തെ കുറിച്ച് പറയുമ്പോൾ എൽ .ഡി .എഫിന് അസ്വസ്ഥതയാണെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.