അക്കാഡമിക് മാസ്റ്റർ പ്ലാൻ സ്‌കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യാം

Saturday 21 June 2025 12:29 AM IST

തിരുവനന്തപുരം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾ തയ്യാറാക്കുന്ന അക്കാഡമിക് മാസ്റ്റർ പ്ലാൻ സ്‌കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ കൈറ്റ് സംവിധാനം ഒരുക്കി. അതത് സ്‌കൂളിന്റെ സ്‌കൂൾവിക്കി പേജിലെ പ്രോജക്ടുകൾ എന്ന വിഭാഗത്തിൽ 'അക്കാഡമിക് മാസ്റ്റർ പ്ലാൻ' എന്ന ലിങ്കിലാണ് പി.ഡി.എഫ് രൂപത്തിൽ മാസ്റ്റർപ്ലാനുകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതോടെ ആദ്യമായി സംസ്ഥാനത്തെ 13,000 ഓളം സ്‌കൂളുകളുടെ അക്കാഡമിക് മാസ്റ്റർ പ്ലാൻ പൊതുജനങ്ങൾക്ക് www.schoolwiki.inലൂടെ കാണാൻ അവസരം ലഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ, കെ.അൻവർസാദത്ത് പറഞ്ഞു. നേരത്തെ കലോത്സവ രചനകൾ,ഡിജിറ്റൽ മാഗസിനുകൾ,കായികോത്സവ ചിത്രങ്ങൾ,ലിറ്റിൽ കൈറ്റ്സ്,അക്ഷരവൃക്ഷം,കുഞ്ഞെഴുത്തുകൾ തുടങ്ങി 1.7 ലക്ഷത്തോളം ലേഖനങ്ങൾ സ്‌കൂൾവിക്കിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.