അനിശ്ചിതത്വം അവസാനിച്ചു ; കണ്ണൂർ എ.ഡി.എം കസേരയിൽ കലാ ഭാസ്‌കർ

Friday 20 June 2025 10:37 PM IST

കണ്ണൂർ: മാസങ്ങളോളം ഒഴിഞ്ഞു കിടന്ന കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ.ഡി.എം) കസേരയിൽ ഒടുവിൽ പുതിയ ഉദ്യോഗസ്ഥ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിനി കലാ ഭാസ്‌കർ ആണ് കണ്ണൂർ എ.ഡി.എം ആയി കഴിഞ്ഞ ദിവസം ചുമതലയേറ്റത്. തൃശൂരിൽ നിന്നാ് സ്ഥലംമാറ്റം ലഭിച്ചാണ് ഇവർ കണ്ണൂരിലെത്തിയത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ശേഷം കണ്ണൂർ എ.ഡി.എം കസേര ഒരു പ്രതിസന്ധി കേന്ദ്രമായിരുന്നു. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഈ സ്ഥാനത്തേക്ക് വരാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടിയതോടെ സർക്കാർ ഗുരുതര പ്രതിസന്ധിയിലായി. പിന്നീട് സമ്മർദ്ദത്തിനൊടുവിൽ പ്രേമചന്ദ്രക്കുറുപ്പ് എ.ഡി.എം ആയി ചുമതലയേറ്റിരുന്നു. അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥർക്കിടയിൽ നിന്നുതന്നെയാണ് ആരോപണമുയ‌ർന്നത്. മേയ് 31ന് പ്രേമചന്ദ്രക്കുറുപ്പ് വിരമിച്ചതോടെ കണ്ണൂർ എ.ഡി.എം കസേര വീണ്ടും ഒഴിഞ്ഞ നിലയിലായി.

സുപ്രധാന ഫയലുകൾ കെട്ടിക്കിടക്കുകയും ഭരണനിർവഹണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതിന് പിന്നാലെയാണിപ്പോൾ പുതിയ എ.ഡി.എം ചുമതല ഏറ്റെടുത്തത്. നേരത്തെ തളിപ്പറമ്പ് തഹസിൽദാർ ആയി ജോലി ചെയ്തിട്ടുള്ള കലാ ഭാസ്കർ വടകരയിലും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച എ.ഡി.എം കെ.നവീൻ ബാബുവിന് റവന്യൂ സ്റ്റാഫ് കൗൺസിൽ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെ ഉണ്ടായ വിവാദങ്ങളും തുടർന്ന് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതും സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു.