വൈശാഖ മഹോത്സവം രേവതി ആരാധനാദിനത്തിൽ പെരുമാൾക്ക് പാലമൃത് അഭിഷേകം,പൊന്നിൻ ശീവേലി
കൊട്ടിയൂർ: ഇന്നലെ അക്കരെ കൊട്ടിയൂരിൽ രേവതി നാൾ ആരാധനാ പൂജയുടെ ഭാഗമായി പെരുമാളിന് പൊന്നിൻ ശീവേലിയും പാലമൃത് അഭിഷേകവുംനടന്നു. കോട്ടയം തെക്കേ കോവിലകത്തു നിന്നുമാണ് കളഭാഭിഷേകത്തിനുള്ള വസ്തുക്കൾ എത്തിച്ചത്. ശീവേലിക്ക് ആനകൾക്ക് സ്വർണം കൊണ്ട് അലങ്കരിച്ച നെറ്റിപ്പട്ടം ചാർത്തിയിരുന്നു. സ്വർണം, വെള്ളി പാത്രങ്ങളും ഭണ്ഡാരങ്ങളും ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിച്ചു. ഉച്ചയ്ക്ക് ആരാധന സദ്യയും വൈകുന്നേരം പെരുമാൾക്ക് പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടത്തി. ആരാധനകളിൽ നാലാമത്തേതായ രോഹിണി ആരാധന 24ന് നടക്കും. സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി രോഹിണി ആരാധന നാളിലാണ് നടക്കുന്നത്. രോഹിണി ആരാധനയോടെ നാല് ആരാധനകളും പൂർത്തിയാകും. രേവതി ആരാധനാ നാളായ ഇന്നലെ ദർശനത്തിനായി ആയിരങ്ങളാണ് കൊട്ടിയൂരിൽ എത്തിയത്.രാവിലെ മുതൽ തന്നെ ദൂരെ ദേശങ്ങളിൽ നിന്നും ഭക്തർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയിരുന്നു. ആരാധനാ നാളിൽ മാത്രമുള്ള പൊന്നിൻ ശീവേലി കാണാൻ ആയിരങ്ങളാണ് തിരുവൻചിറയുടെ കരയിൽ കാത്തു നിന്നത്. ശീവേലി കഴിഞ്ഞതോടെ തിരുവൻചിറ ഭക്തജനങ്ങളാൽ നിറഞ്ഞു. മഴ മാറി നിന്നതും തീർത്ഥാടകർക്ക് ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കി.
നിത്യപൂജകൾ
രാവിലെ നിർമ്മാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണ കുടം - വെള്ളി കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം അഭിഷേകം, അത്താഴ പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.