17കാരന്റെ വിവാഹം ഉറപ്പിച്ച പിതാവ് വധുവിനൊപ്പം ഒളിച്ചോടി

Saturday 21 June 2025 12:54 AM IST

ലക്‌നൗ: പ്രായപൂർത്തിയാകാത്ത മകന്റെ വിവാഹം ഉറപ്പിച്ചു. തുടർന്ന് വധുവിനൊപ്പം ഒളിച്ചോടി 55കാരൻ. തന്നെയും മക്കളെയും ക്രൂരമായി മർദ്ദിച്ചെന്നും സ്വർണവും പണവുമായി കടന്നുകളഞ്ഞുവെന്നും ഭാര്യ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഉത്തർപ്രദേശ് റാംപൂരിലെ ബൻസ്‌നാഗലി ഗ്രാമത്തിലാണ് സംഭവം. ഷക്കീൽ- ഷബാന ദമ്പതികളുടെ 17 വയസുള്ള മകന്റെ വിവാഹം ഉറപ്പിച്ചു. ഷക്കീലിന്റെ നിർബന്ധത്തോടെയായിരുന്നു ഇത്. മകനോടും തന്നോടും അനുവാദം ചോദിക്കാതെയാണ് 22കാരിയുമായി വിവാഹം ഉറപ്പിച്ചതെന്ന് ഷബാന പറയുന്നു. എതിർത്തപ്പോൾ ഉപദ്രവിച്ചു.

വധുവായ സ്ത്രീയുമായി ഷക്കീൽ നിരന്തരം വീഡിയോ കോൾ ചെയ്യുമായിരുന്നെന്ന് ഷബാനയുടെ പരാതിയിൽ പറയുന്നു. സംശയം തോന്നിയതോടെ മകനെ അറിയിച്ചു. താനും മകനും ചേർന്ന് തെളിവുകൾ ശേഖരിച്ചു. അച്ഛന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ മകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. തുടർന്ന് ഷക്കീൽ തന്നെയും മക്കളെയും ക്രൂരമായി മർദ്ദിച്ചു.

രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വർണവുമായി സ്ത്രീയുമായി ഒളിച്ചോടിയെന്നും വിവാഹം കഴിച്ചുവെന്നും ഷബാന ആരോപിക്കുന്നു. ആറ് മക്കളും മൂന്ന് കൊച്ചുമക്കളുമുണ്ട് ഷക്കീലിനും ഷബാനയ്ക്കും.