സാങ്കേതിക തകരാർ: ചെന്നൈ- മധുര ഇൻഡിഗോ വിമാനം തിരിച്ചിറക്കി

Saturday 21 June 2025 12:58 AM IST

ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ- മധുര ഇൻഡിഗോ വിമാനം തിരിച്ചിറക്കി. ഇന്നലെ രാവിലെ എട്ടിന് ചെന്നൈയിൽ നിന്ന് മധുരയിലേക്ക് പറന്ന വിമാനം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചറക്കി. യാത്രാമദ്ധ്യേ പൈലറ്റ് എൻജിൻ തകരാറ് കണ്ടെത്തുകയായിരുന്നു. ഉടനെ ചെന്നൈ എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) അറിയിച്ചു. തുടർന്ന് ചെന്നൈയിലേക്ക് മടങ്ങാൻ എ.ടി.സി നിർദ്ദേശിക്കുകയായിരുന്നു. ഒമ്പതോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെ പുറത്തിറക്കി. ഇവർക്കായി മറ്റൊരു വിമാനം ഏ‌ർപ്പാടാക്കി. വിമാനത്തിൽ 70 യാത്രക്കാരും ആഞ്ച് ജീവനക്കാരുമാണുണ്ടായിരുന്നത്. വിഷയത്തിൽ ഇൻഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തകരാറിലായ ഇൻഡിഗോ വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റി.