ഹണിമൂൺ കൊലപാതകം സോനം രക്ഷപ്പെട്ടത് ബുർഖ ധരിച്ചെന്ന് വെളിപ്പെടുത്തൽ

Saturday 21 June 2025 12:58 AM IST

ലക്‌നൗ: മേഘാലയയിൽ ഹണിമൂണിനിടെ രാജ രഘുവംശി കൊല്ലപ്പെട്ടശേഷം ഭാര്യ സോനം ഉത്തർപ്രദേശിലെ ഇൻഡോറിലേക്ക് ഒളിച്ചുകടക്കുകയായിരുന്നെന്ന് പൊലീസ്. ബുർഖ ധരിച്ചാണ് സോനം ഇൻഡോറിലേക്ക് കടന്നതെന്ന് ഇവർ സഞ്ചരിച്ച കാറിലെ ഡ്രൈവ‌ർ പൊലീസിന് മൊഴി നൽകി. ഷില്ലോംഗ് പൊലീസിന്റെ അന്വേഷണത്തിൽ സോനത്തെ യു.പിയിലേക്ക് കൊണ്ടുപോയ മോഹിത്, പിയൂഷ് എന്നീ ഡ്രൈവർമാരെ കണ്ടെത്തുകയായിരുന്നു. ഒരു പ്രാദേശിക ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന മോഹിത്, ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകി. കഴിഞ്ഞ എട്ടിന് രാജ് എർട്ടിഗ കാർ വാടകയ്‌ക്കെടുത്തെന്ന് അറിയിച്ചു. വാരാണസിയിലേക്കുള്ള 1000 കിലോമീറ്റർ യാത്രയ്ക്കിടെ സോനം ബുർഖ ധരിച്ചിരുന്നുവെന്നും ചില ഭക്ഷണശാലകൾക്കു മുമ്പിൽ വാഹനം നിറുത്താൻ വിസമ്മതിച്ചുവെന്നും മോഹിത് പറഞ്ഞു.

നിലവിൽ സോനവും കാമുകനും കേസിലെ പ്രതിയുമായ രാജ് കുശ്വാഹയും ഷില്ലോംഗ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ റിമാൻഡ് കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. രാജിന്റെ സുഹൃത്തുക്കളായ മൂന്ന് പ്രതികളെയും രണ്ടാഴ്ചത്തേക്ക് ജയിലിൽ അടച്ചു.