വ്യോമപാതയിലെ തടസം നീക്കുന്നു തലസ്ഥാനത്ത് ലാൻഡിംഗ് ഇനി സുഖകരം
തിരുവനന്തപുരം: വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും സുരക്ഷിതമാക്കുന്നതിനായി തലസ്ഥാനത്തെ വ്യോമപാതയിലെ തടസങ്ങൾ നീക്കുന്നു. വിമാനത്താവള പരിസരത്തെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും ടവറുകളുമടക്കം 1064 തടസങ്ങളാണ് കണ്ടെത്തിയത്.
അതിൽ 646 എണ്ണം നീക്കംചെയ്യാൻ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിട്ടു. 141 മുഖ്യതടസങ്ങൾ, 4358 മരങ്ങൾ, 14കെട്ടിടങ്ങൾ എന്നിവ നീക്കംചെയ്‌തു. ഇതിനായി 4.08 കോടി രൂപയാണ് നഷ്ടപരിഹാരം നൽകിയത്. വിമാനത്താവളത്തിന്റെ 20 കിലോമീറ്റർ പരിധിയിലെ ഉയരംകൂടിയ മരങ്ങൾ,കെട്ടിടങ്ങൾ, മെബൈൽ ടവറുകൾ, മിന്നൽ രക്ഷാചാലകങ്ങൾ എന്നിവയാണ് നീക്കംചെയ്യുക.
അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷിത വ്യോമപാതയൊരുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. വിമാനത്താവള പരിസരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും നിയന്ത്രിക്കാനുള്ള കരടുചട്ടമായിട്ടുണ്ട്. വിമാനം പറന്നുയരുന്നതിന് ഇവ തടസമാണെന്നു ബോദ്ധ്യപ്പെട്ടാൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം.
കെട്ടിടത്തിന്റെ ഉയരം കുറയ്ക്കാനോ മരം വെട്ടാനോ ഡി.ജി.സി.എയ്ക്ക് ഉത്തരവിടാം. ഉത്തരവിട്ടാൽ 60 ദിവസത്തിനുള്ളിൽ പാലിക്കാൻ ഉടമയ്‌ക്ക് ബാദ്ധ്യതയുണ്ട്. പാലിച്ചില്ലെങ്കിൽ കളക്ടർ വഴി കെട്ടിടം പൊളിക്കാനോ മരം മുറിക്കാനോ ഉത്തരവിടാം.
അടിയന്തര ഇടപെടൽ
------------------------------
വള്ളക്കടവ്,ആൾസെയിന്റ്സ്,ബാലനഗർ,ചാക്ക-ശംഖുംമുഖം റോഡ്,ചിത്രാഞ്ജലി സ്റ്റുഡിയോ,എയർഫോഴ്സ് സ്റ്റേഷൻ,ഐശ്വര്യ നഗർ,ജഡ്ജിക്കുന്ന് എന്നിവിടങ്ങളിലെ തടസങ്ങളാണ് നീക്കുന്നത്. വ്യോമസേനാ കേന്ദ്രത്തിലെ ആന്റിന,കോസ്മോ ആശുപത്രിയിലെ മിന്നൽ രക്ഷാചാലകം,ശംഖുംമുഖത്തെ ലോഡ്ജിലെ രണ്ടാംനില,ആനയറയിലെ ഫ്ലാറ്റിലെ ബോർഡ്,ആൾസെയിന്റ്സ് ജംഗ്ഷനിലെ ക്യാമറാ പോൾ,സുലൈമാൻ സ്ട്രീറ്റിലെ വീടിന്റെ സ്റ്റെയർ റൂഫ്,ആനയറയിലെ ഹോട്ടലിലെ മിന്നൽ രക്ഷാചാലകം,ആനയറ ഫ്ലാറ്റിലെ ചിമ്മിനി,ശംഖുംമുഖത്തെ ജയിന്റ് വീൽ,ജി.വി രാജ ലെയ്നിലെ വീട്ടിലെ പാരപ്പെറ്റ്,ചിത്രാജ്ഞലി ഹിൽസിലെ വാച്ച് ടവർ എന്നിവ നീക്കംചെയ്‌തു. ഇവ ലാൻഡിംഗിനും ടേക്ക് ഓഫിനുമുള്ള അപ്രോച്ച് ഫണലിലും സോണുകളിലുമാണ്. ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷമാണ് ഇവ നീക്കിയത്.