ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് അപകടകരം, ബുഷഹർ നിലയം തകർന്നാൽ ആണവ വികിരണ സാദ്ധ്യത, ഇസ്രയേലിന് മുന്നറിയിപ്പ്
ന്യൂയോർക്ക് : ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെതിരെ ഇസ്രയേലിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ സമിതി. ബുഷെഹർ ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നാൽ ടെഹ്റാൻ ഇറാൻ ജനതയ്ക്ക് അത് അപകടം വരുത്തുമെന്നും ആണവോർജ സമിതി മേധാവി റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. സുരക്ഷ അനുകൂലമായാൽ ഇറാനിലെത്തി ആണവ നിലയങ്ങളുടെ പരിശോധന നടത്താൻ സന്നദ്ധമാണെന്നും ഗ്രോസി കൂട്ടിച്ചേർത്തു. ഇസ്രയേൽ ആക്രമണത്തിൽ നതാൻസിലെ പ്ലാന്റിന് പ്രഹരമേൽപ്പിക്കാൻ ആയില്ല എന്നാണ് വിവരം. റേഡിയേഷൻ അളവിൽ മാറ്റമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
അതേസമയം യു.എൻ രക്ഷാസമിതിയിൽ ഇസ്രയേലിന് എതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇറാന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെ അന്താരാഷ്ട്ര ചട്ടങ്ങൾ മറികടന്നുള്ള ആക്രമണമാണ് നടന്നതെന്ന് ചൈനീസ് പ്രതിനിധി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്ക് ഇത് വൻഭീഷണിയാണെന്നും ചൈന ചൂണ്ടിക്കാട്ടി.
അതിനിടെ ഇസ്രയേൽ ആക്രമണം നിറുത്താതെ ആണവ പദ്ധതിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കി. ആരുടെ സഹായമില്ലെങ്കിലും ഇറാന്റെ ആണവശേഷി തകർക്കുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേലും ആവർത്തിച്ചു. ജനീവയിൽ യൂറോപ്യൻ നേതാക്കളുമൊത്തുള്ള ചർച്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ വിദേശകാര്യ മന്ത്രിമാരും അരാഖ്ചിയും തമ്മിലായിരുന്നു ചർച്ച.