ട്രംപിന്റെ ക്ഷണം മാന്യമായി നിരസിച്ചു പുരി ജഗന്നാഥനെ കാണാൻ വേണ്ടി: മോദി

Saturday 21 June 2025 12:34 AM IST

ന്യൂഡൽഹി: യു.എസിലേക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം മാന്യമായി നിരസിച്ചെന്നും അത് ഒഡീഷയിലെത്തി പുരി ജഗന്നാഥനെ കാണാൻ വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയിലെ ബി.ജെ.പി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഭുവനേശ്വറിൽ നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

'രണ്ട് ദിവസം മുമ്പ്, ജി 7 ഉച്ചകോടിക്കായി ഞാൻ കാനഡയിലായിരുന്നു. യു.എസ് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. കാനഡയിലുണ്ടല്ലോ, വാഷിംഗ്ടണിൽ വന്നുകൂടേയെന്ന്. ഒരുമിച്ച് അത്താഴം കഴിക്കാമെന്നും സംസാരിക്കാമെന്നും പറഞ്ഞു. അദ്ദേഹം വളരെ നിർബന്ധിച്ചെങ്കിലും ഞാൻ നിരസിച്ചു. ക്ഷണത്തിന് നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു:എനിക്ക് മഹാപ്രഭുവിന്റെ നാട്ടിലേക്ക് പോകേണ്ടതുണ്ട്. അത് വളരെ പ്രധാനമാണ്. അങ്ങനെ ഞാൻ ക്ഷണം മാന്യമായി നിരസിച്ചു. മഹാപ്രഭുവിനോടുള്ള നിങ്ങളുടെ സ്നേഹവും ഭക്തിയും എന്നെ ഈ നാട്ടിലേക്ക് കൊണ്ടുവന്നു."-മോദി പറഞ്ഞു.

ഒഡീഷ സർക്കാരിന്റെ ഒന്നാം വാർഷികം സദ്ഭരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു. ഒരു വർഷം പൊതുസേവനത്തിനും പൊതുജന വിശ്വാസത്തിനും വേണ്ടി സമർപ്പിച്ചതാണ്. മുഖ്യമന്ത്രി മോഹൻ മാജിയും സംഘവും അഭിനന്ദം അർഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് വാതിലുകളും തുറന്ന് രത്‌ന ഭണ്ഡാരത്തിലേക്ക് പ്രവേശനം നൽകാനുള്ള ഒഡീഷ സർക്കാരിന്റെ തീരുമാനത്തെയും മോദി പ്രശംസിച്ചു. ഇത് രാഷ്ട്രീയ വിജയത്തിന്റെയോ പരാജയത്തിന്റെയോ കാര്യമല്ല. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദൈവാനുഗ്രഹത്താൽ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഡീഷ പുരോഗമിച്ചു

ഒരുകാലത്ത് അക്രമവും വികസനമില്ലായ്‌മയും മൂലം ബുദ്ധിമുട്ടിയ അസം, ത്രിപുര സംസ്ഥാനങ്ങൾ ക്രമാനുഗതമായി പുരോഗമിക്കുന്നതുപോലെയാണ് ഒഡീഷയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാറ്റത്തിനായുള്ള ജനവിധി എങ്ങനെ സമാധാനവും വളർച്ചയും നേടിത്തന്നുവെന്ന് ഈ സംസ്ഥാനങ്ങൾ കാണിക്കുന്നു-അദ്ദേഹം പറഞ്ഞു.

ബൗദ് ജില്ലയിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. മുമ്പ് അവഗണിക്കപ്പെട്ട പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ വിശാല നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഒഡീഷയിൽ 18,600 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു.