ദാരിദ്ര്യം മാറാതിരുന്നത് പിടിപ്പുകേടു മൂലം: മോദി

Saturday 21 June 2025 12:35 AM IST

ന്യൂഡൽഹി: മുൻ സർക്കാരുകളുടെ പിടിപ്പുകേടും ലൈസൻസ് രാജും കാരണമാണ് രാജ്യത്ത് ആളുകൾ ദരിദ്രരായി തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദശലക്ഷക്കണക്കിന് ആളുകൾ ദരിദ്രരായി തുടരുന്നത് പരിശ്രമക്കുറവ് കൊണ്ടല്ല. അവർക്ക് ഉയരാൻ വഴിയില്ല. ദീർഘകാല ലൈസൻസ് രാജ് രാജ്യത്തെ ദാരിദ്ര്യത്തിൽ നിറുത്തി. എല്ലാ സേവനങ്ങളും അവസരങ്ങളും കർശനമായ ക്വാട്ട-പെർമിറ്റ് സംവിധാനങ്ങളിൽ ബന്ധിതമായി. ചെറിയ ജോലികൾക്ക് പോലും അനുമതി വേണമായിരുന്നു. ദരിദ്രർക്ക് വീട് നിഷേധിക്കപ്പെട്ടു. ഇടനിലക്കാർ റേഷൻ തട്ടിയെടുത്തു. ദരിദ്രർക്ക് ആരോഗ്യ സംരക്ഷണം ലഭ്യമല്ലാതായി. വിദ്യാഭ്യാസവും തൊഴിലും നിരന്തരമായ പോരാട്ടങ്ങളായിരുന്നു.

വൈദ്യുതി, ജല കണക്ഷനു വേണ്ടി നിരവധി തവണ സർക്കാർഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നു. ഗ്യാസ് കണക്ഷന് എംപിയുടെ ശുപാർശ ആവശ്യമായിരുന്നു. കൈക്കൂലിയോ സ്വാധീനമോ ഇല്ലാതെ ജോലികൾ ലഭ്യമായിരുന്നില്ല. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് ദളിത്, മഹാദളിത്, പിന്നോക്ക, അതി പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ളവരെയാണ്.അങ്ങനെ ദാരിദ്ര്യ നിർമാർജനം സ്വപ്‌നമായി മാറി. പക്ഷേ ചില കുടുംബങ്ങൾ കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമായി മാറിയെന്നും മോദി പറഞ്ഞു.

11 വർഷമായി, ദരിദ്രരുടെ പാതയിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞതിനാൽ ദൃശ്യവും ഫലപ്രദവുമായ ഫലങ്ങൾ കണ്ടുതുടങ്ങി. താൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിദേശപര്യടനത്തിനിടെ വികസിത രാജ്യങ്ങളിലെ ചില നേതാക്കൾ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ മതിപ്പു രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

മുൻ സർക്കാരുകളുടെ കാലം പൂട്ടിയ കടകളും സ്തംഭിച്ച വ്യാപാരങ്ങളും തകർന്ന വ്യവസായങ്ങളും ഓർമ്മിപ്പിക്കുന്നു. തകർന്ന അടിസ്ഥാന സൗകര്യങ്ങളും നിയമരാഹിത്യവും അഴിമതിയുമാണ് അവരുടെ മുഖമുദ്ര. അതുകൊണ്ടാണ് അത്തരം പാർട്ടികൾക്ക് യുവജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാത്തത്. അവർ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ മറന്ന് സ്വന്തം കുടുംബത്തിനാണ് പ്രാമുഖ്യം നൽകിയത്. ആ പാർട്ടികൾക്ക് ദളിതരോടും മഹാദളിതരോടും ബഹുമാനമില്ല.

മുൻഭരണങ്ങളുടെ അഴിമതി കാരണം ബിഹാറിനെ ദാരിദ്ര്യം വിഴുങ്ങിയെന്നും നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്തെ വികസന പാതയിൽ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. പഴയ ചില ശക്തികൾ വീണ്ടും ബിഹാറിലെ സ്രോതസുകളുടെയും സർക്കാരിന്റെയും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്ന് ഇക്കൊല്ലം ഒടുവിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. സമ്പന്നമായ ബിഹാർ എന്ന ലക്ഷ്യത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.