പിന്മാറ്റമില്ല; ആക്രമണം രൂക്ഷം,​ ഇറാനുമായി യൂറോപ്പിന്റെ ചർച്ച ഫലംകണ്ടില്ല

Saturday 21 June 2025 12:54 AM IST

ടെൽ അവീവ്: ഇറാൻ- ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകവെ യൂറോപ്പിന്റെ അനുനയ ശ്രമം വിജയിച്ചില്ല. ഇസ്രയേൽ ആക്രമണം നിറുത്താതെ ആണവ പദ്ധതിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി വ്യക്തമാക്കി. ആരുടെ സഹായമില്ലെങ്കിലും ഇറാന്റെ ആണവശേഷി തകർക്കുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേലും ആവർത്തിച്ചു.

ഇന്നലെ ജനീവയിൽ യൂറോപ്യൻ നേതാക്കളുമൊത്തുള്ള ചർച്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ വിദേശകാര്യ മന്ത്രിമാരും അരാഖ്‌ചിയും തമ്മിലായിരുന്നു ചർച്ച. ആണവ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റമാണ് ചർച്ചാവിഷയം. ചർച്ച നടക്കുന്നതിനിടെ ഇസ്രയേലിലെ ഹൈഫയിൽ രാത്രി മിസൈൽ വീണ് 23 പേർക്ക് പരിക്കേറ്റു. ഇറാന്റെ ആണവ ഗവേഷണ കേന്ദ്രം ഇസ്രയേൽ തകർത്തു. ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു. ടെഹ്‌റാനിൽ നൂറിലേറെ സ്ഫോടനങ്ങൾ ഇന്നലെ നടന്നു. ആളപായം എത്രയെന്ന് വ്യക്തമല്ല.

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും രണ്ടാഴ്ചസമയം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ,​ ഇറാന്റെ ആണവ നിലയം തുടച്ചുനീക്കാൻ ആണവായുധം ഉപയോഗിക്കുന്നത് അമേരിക്കയുടെ ആലോചനയിലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ മഹാദുരന്തം വിതയ്ക്കാൻ അനുവദിക്കില്ലെന്ന് റഷ്യ മുന്നറിയിപ്പു നൽകി. ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ള മേധാവി നയീം ഖാസിം രംഗത്തെത്തി. ഇറാനെ സഹായിച്ചാൽ ഹിസ്ബുള്ള ഭൂമിയിലുണ്ടാകില്ലെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്.

ഇസ്രയേലിനെതിരെ ടെഹ്റാനിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലി നടന്നു. ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, ന്യൂസിലൻഡ്, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ ടെഹ്റാനിലെ എംബസി സേവനങ്ങൾ നിറുത്തിവച്ചു. ഇസ്രയേലിലെ എംബസിയിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കും.

ക്ലസ്റ്റർ ബോംബ്

പ്രയോഗിച്ച് ഇറാൻ

 വ്യാഴാഴ്ച ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ ഒന്നിൽ ക്ലസ്റ്റർ ബോംബ് ഘടിപ്പിച്ചിരുന്നു

 മദ്ധ്യ ഇസ്രയേലിൽ ഭൗമോപരിതലത്തിൽ നിന്ന് 7 കിലോമീറ്റർ ഉയരത്തിൽ ബോംബ് പൊട്ടി

 എട്ട് കിലോമീറ്റർ ചുറ്റളവിൽ 200 ചെറുബോംബുകൾ പൊട്ടിച്ചിതറി കെട്ടിടങ്ങൾ തകർന്നു

 നൂറുകണക്കിന് ചെറു ബോംബുകൾ ചേർന്ന ബോംബ്/ ആയുധമാണ് ക്ലസ്റ്റർ

 അന്താരാഷ്ട്ര തലത്തിൽ വിലക്ക്. 120ലേറെ രാജ്യങ്ങൾ നിരോധിച്ചു