യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി വനത്തിലേക്ക് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ആറ്റിനക്കര മൂർത്തിക്കാവിന് സമീപം മനുഭവനിൽ രേണുകയാണ് (39) മരിച്ചത്. കൊലപാതകശേഷം ഭർത്താവ് സാനുക്കുട്ടൻ സമീപത്തെ കല്ലടയാറ് നീന്തിക്കടന്ന് വനത്തിലേക്ക് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പനിയെത്തുടർന്ന് കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന് വാങ്ങി തിരികെയെത്തിപ്പോൾ രേണുകയുമായി സാനുക്കുട്ടൻ വഴക്കിട്ടു. എവിടെ പോയെന്ന് ചോദിച്ചായിരുന്നു ഇത്. തുടർന്ന് കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തുകയായിരുന്നു. സംഭവ സമയത്ത് രേണുകയുടെ അമ്മ മേരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
നിലവിളി കേട്ട് അമ്മയും അയൽവാസികളും ഓടിയെത്തിയപ്പോഴേക്കും സാനുക്കുട്ടൻ രക്ഷപ്പെട്ടിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രേണുകയെ നാട്ടുകാർ ഉടൻ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രേണുകയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മടത്തറയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
സാനുക്കുട്ടൻ സംശയരോഗിയും ലഹരിക്ക് അടിമയുമാണെന്ന് ബന്ധുക്കൾ പറയുന്നു. കൂലിപ്പണിക്കാരനാണ്. വല്ലപ്പോഴുമേ ജോലിക്ക് പോയിരുന്നുള്ളു. ഇതുസംബന്ധിച്ച് വീട്ടിൽ പലപ്പോഴും വഴക്ക് നടന്നിരുന്നു. ഹോം നഴ്സായ രേണുകയാണ് കുടുംബം നോക്കിയിരുന്നത്.
കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നിർദ്ദേശമനുസരിച്ച് സബ് ഇൻസ്‌പെക്ടർമാരായ ഷാജഹാൻ മുഹമ്മദ്, വിനോദ്കുമാർ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിക്കായി വനത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്. രേണുകയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും. മക്കൾ: മനു, മണികണ്ഠൻ, മഞ്ജിമ, മനീജ. മരുമകൾ: സജ്‌ന മനു.