കെഎസ്ആർടിസി ബസിൽ വച്ച് ലൈംഗികാതിക്രമം, സവാദ് വീണ്ടും അറസ്റ്റിൽ
മലപ്പുറം: ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഈ മാസം 14ന് മലപ്പുറത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. അന്നുതന്നെ തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി പരാതി നൽകിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
2023ൽ കെ.എസ്.ആർ.ടി.സി ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സവാദ്. നെടുമ്പാശേരിയിൽ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്ന് യുവതി പരാതിയിൽ പറഞ്ഞത്. ഇതിന് പിന്നാലെ ഇയാൾ അറസ്റ്റിലായിരുന്നു. കെ.എസ്.ആർ.ടി,സി ബസിൽ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു അന്ന് ഉയർന്ന പരാതി. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തു.
എന്നാൽ, ബസ് നിർത്തിയപ്പോൾ സവാദ് ബസിൽനിന്ന് ഇറങ്ങി ഓടി. തുടർന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അന്ന് പങ്കുവെച്ചിരുന്നു.