പാകിസ്ഥാന് പേടിസ്വപ്‌നം, ചൈനീസ് ഭീഷണിയും അവസാനിക്കും, ഏത് മഞ്ഞിലും മഴയിലും ലക്ഷ്യം കാണുന്ന ആയുധം തയ്യാർ
ശത്രുരാജ്യങ്ങളുടെ നേരിട്ടുള്ള ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശക്തമായ സംവിധാനമൊരുക്കാൻ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുകയാണ്. ഏത് അത്യാധുനിക സൈനിക ടാങ്കുകളെയും തകർക്കുന്ന ആന്റി ടാങ്ക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം വൈകാതെ സ്വന്തമാക്കും. ഇതിനായി സ്വകാര്യ മേഖലാ കമ്പനികളുമായി ആലോചനകൾ നടക്കുന്നതായാണ് സൂചന.ജിപിഎസ് രഹിത നാവിഗേഷൻ സംവിധാനമുള്ള ഇവ ഇലക്‌ട്രോമാഗ്നറ്റിക് പരിതസ്ഥിതിയിലും പ്രവർത്തിക്കും എത്ര ശക്തമായ സൈനിക ടാങ്കറുകളെയും തകർക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം രാജ്യത്ത് നിർമ്മിക്കുന്ന ഇവ ഇക്കഴിഞ്ഞ പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ആധുനിക ടാങ്കുകളുടെ ഉപയോഗരീതി മനസിലാക്കി തയ്യാറാക്കുന്നവയാണ്. റഷ്യ-യുക്രെയിൻ യുദ്ധത്തിലും ഇന്ത്യ-പാക് സംഘർഷത്തിലും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം ഒരു പ്രധാന പ്രതിരോധ മാർഗമായിക്കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഇന്ത്യയുടെ പ്രതിരോധം ശക്തമായിരുന്നു. എന്നാൽ അന്ന് ടാങ്കുകളെ പ്രതിരോധിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചില്ല. ഇതോടെയാണ് അവയെയും തകർക്കാൻ പാകത്തിനുള്ള ഡ്രോണുകൾ തയ്യാറാകുന്നത്.
ആയുധങ്ങളുടെ കനത്ത വില വച്ചുനോക്കുമ്പോൾ ഇത്തരം ഡ്രോണുകൾ അക്കാര്യത്തിലും ഉപകാരപ്രദമാണ്. ഒരു യൂണിറ്റ് ഡ്രോണിന് 1.4 ലക്ഷം രൂപ വരെയാണ് വിലവരുന്നത്.