അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ബുക്കിംഗ് 20 ശതമാനം കുറഞ്ഞു; ടിക്കറ്റ് നിരക്കിലും കുറവ്

Saturday 21 June 2025 8:35 AM IST

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വിമാനാപകടം ഉണ്ടായതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗില്‍ 20 ശതമാനത്തോളം കുറവ്. ടിക്കറ്റ് നിരക്ക് എട്ട് മുതല്‍ 15 ശതമാനം വരെ കുറഞ്ഞതായും ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രവി ഗോസയ്ന്‍ പറഞ്ഞു.

ടാറ്റയുടെ കീഴിലുള്ള എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12ന് അഹമ്മദാബാദില്‍ തകര്‍ന്ന് വീണ് യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചിരുന്നു. അതിന് ശേഷം വിദേശ ടിക്കറ്റ് ബുക്കിംഗില്‍ 18 മുതല്‍ 22 ശതമാനം വരെയും ആഭ്യന്തരയാത്രകളില്‍ പത്ത് മുതല്‍ 12 ശതമാനം വരെയും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകളുടെ നിരക്കില്‍ പത്ത് മുതല്‍ 15 ശതമാനം വരെ കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സാങ്കേതിക കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒന്‍പത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ദുബായ് - ചെന്നൈ, ഡല്‍ഹി - മെല്‍ബണ്‍, മെല്‍ബണ്‍ - ഡല്‍ഹി, ദുബായ് - ഹൈദരാബാദ്, പൂനെ - ഡല്‍ഹി, അഹമ്മദാബാദ് - ഡല്‍ഹി, ഹൈദരാബാദ് - മുംബയ്, ചെന്നൈ - മുംബയ്, ഡല്‍ഹി - പൂനെ വിമാനങ്ങളാണ് റദ്ദാക്കിയത്.