'മത്സരിക്കാൻ ആലോചിച്ചിരുന്നില്ല, സ്ഥാനാർത്ഥിയായത് വി ഡി സതീശൻ കാരണം'
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിച്ചിരുന്നില്ലെന്ന് പി വി അൻവർ. യുഡിഎഫിന് പിന്തുണ നൽകി തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാനായിരുന്നു തീരുമാനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സമീപനം കാരണമാണ് മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം നടത്തുന്ന മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോയെന്നും പി വി അൻവർ ചോദിച്ചു. ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഇടതുപക്ഷത്തിന്റെ മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുകൊണ്ടിരിക്കും. ആരെങ്കിലും ഇത് ചോദിക്കുന്നുണ്ടോ? എവിടെയാണ് പ്രതിപക്ഷനേതാവ്? ഇതിലൊന്നും അദ്ദേഹം എന്തുകൊണ്ട് ഇടപെടുന്നില്ല. എഡിജിപി എം ആർ അജിത് കുമാറിന്റെ വിഷയത്തിൽ ഇടപെടണമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തിപരമായി സംസാരിച്ചിരുന്നു. ആരുമില്ല. ജനങ്ങൾ അന്തം വിട്ട് നടക്കുകയാണ്.
മത്സരിക്കാൻ ആലോചിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ കൊടുക്കാനായിരുന്നു തീരുമാനം. മത്സരിക്കാൻ കാരണം പ്രതിപക്ഷനേതാവ് വിഡി സതീശന്റെ സമീപനമാണ്. നിലമ്പൂരിൽ നടന്നത് രാഷ്ട്രീയത്തനുപ്പുറമുളള തിരഞ്ഞെടുപ്പായിരുന്നു. ഇത്രയും വലിയ കളളനായ അജിത് കുമാറിന്റെ കൈയിൽ എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ താക്കോൽ ഏൽപ്പിക്കുന്നത്? അദ്ദേഹത്തിന് ഇത്ര വാശി എന്താണ്? അവർ തമ്മിൽ എന്ത് കച്ചവടമാണുളളത്?'- പി വി അൻവർ ചോദിച്ചു.
അതേസമയം, വ്യാഴാഴ്ച നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു.രാവിലെ സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്ത് സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂം തുറക്കും.14 ടേബിളുകളിലായി 19 റൗണ്ട് വോട്ടണ്ണെലാണ് നടക്കുന്നത്.
ഇ.ടി.ബി.എസ്.ഉൾപ്പെടെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി അഞ്ച് ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങും. മെഷീനുകൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോംഗ്റൂമിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെയും സംസ്ഥാന ആംഡ് പൊലീസിന്റേയും സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.