മരുമകൾ ഒളിച്ചോടിപ്പോയെന്ന് ഭർതൃവീട്ടുകാർ, പത്തടി ആഴമുള്ള കുഴിയിൽ 24കാരിയുടെ മൃതദേഹം

Saturday 21 June 2025 11:29 AM IST

ചണ്ഡിഗഡ്: 24കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ പത്തടി ആഴമുള്ള കുഴിയിൽ. ഹരിയാനയിലെ ഫരീദാബാദിൽ ഇന്നലെയായിരുന്നു സംഭവം. ഉത്തർപ്രദേശ് ഷിക്കോഹാബാദ് സ്വദേശിനിയായ തനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫരീദാബാദിലെ റോഷൻ നഗറിലുള്ള അരുൺ ആണ് തനുവിന്റെ ഭർത്താവ്. രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

സംഭവത്തിൽ തനുവിന്റെ ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിന്റെ അടുത്ത ബന്ധു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുണും കുടുംബവും താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള പൊതുവഴിയിലെ കുഴിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതിന് മുകളിലായി കോൺക്രീറ്റും ചെയ്തിരുന്നു. ഓട നിർമാണത്തിന് രണ്ടുമാസം മുൻപ് പ്രദേശത്ത് കുഴികളെടുത്തിരുന്നതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെയോടെ പുറത്തെടുത്ത മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

വിവാഹത്തിനുശേഷം തനു മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നതായി സഹോദരി പ്രീതി പറഞ്ഞു. വിവാഹത്തിനുശേഷം പണവും സ്വർണാഭരണങ്ങളും വേണമെന്ന് അരുണും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇത് നിറവേറ്റാൻ തങ്ങളുടെ കുടുംബം തങ്ങൾക്കാവുംവിധം ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് പ്രീതി വ്യക്തമാക്കി. പണത്തിനും മറ്റുമായി അരുണും കുടുംബവും നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് വിവാഹത്തിന് മാസങ്ങൾക്കുശേഷം തനു സ്വന്തം വീട്ടിലേയ്ക്ക് വന്നു. ഒരുവർഷത്തോളം തങ്ങളുടെ ഒപ്പം താമസിച്ചു. ശേഷം അവളെ തിരികെ ഭർതൃവീട്ടിലേയ്ക്ക് അയച്ചപ്പോൾ വീണ്ടും പീഡനങ്ങൾ തുടർന്നു. തനുവിനോട് ഫോണിൽ സംസാരിക്കാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും സഹോദരി വെളിപ്പെടുത്തി.

കഴിഞ്ഞ ഏപ്രിൽ 23ന് തനു വീട്ടിൽ നിന്ന് ഒളിച്ചോടിയതായി അരുണിന്റെ കുടുംബം അറിയിച്ചുവെന്നും പ്രീതി പറഞ്ഞു. തനുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ആഴ്‌ചകളോളം പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പ്രീതി ആരോപിച്ചു.

വീട്ടിലെ ഓട ശരിയല്ലെന്ന് പറഞ്ഞ് അരുണിന്റെ പിതാവ് ഏപ്രിലിൽ കുഴിവെട്ടുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. കുഴി സിമന്റ് സ്ളാബുകൊണ്ട് പെട്ടെന്നുതന്നെ മൂടിയെന്നും ഇവർ മൊഴി നൽകി. അതിനുശേഷം തനുവിനെ പുറത്ത് കണ്ടിട്ടില്ലെന്നും നാട്ടുകാർ പൊലീസിനോട് വ്യക്തമാക്കി. യുവതിയുടെ മരണത്തിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.