സംഘർഷത്തിനിടെ ഇറാനിൽ ഭൂചലനവും; ആണവ പരീക്ഷണമെന്ന് സംശയം, പത്ത് കിലോമീറ്റർ താഴ്‌ചയിൽ പ്രകമ്പനം

Saturday 21 June 2025 12:14 PM IST

ടെഹ്‌റാൻ: ഇസ്രയേലുമായുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്‌ടർ സ്‌കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്ത് കിലോമീറ്റർ താഴ്‌ചയിലാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സ‌ർവേ അറിയിച്ചു.

മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ ഫലമായാണോ പ്രകമ്പനം ഉണ്ടായതെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ആളപായം ഇല്ലെന്നും നേരിയ നാശനഷ്‌ടം മാത്രമാണ് ഉണ്ടായതെന്നും ഇറാൻ വാർത്താ ഏജൻസിയായ ഇർന റിപ്പോ‌ർട്ട് ചെയ്‌തു.

റിപ്പോർട്ട് പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാൻ മിസൈൽ കോംപ്ലക്‌സും സംനാൻ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാൽ ആ തരത്തിലുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്.

ലോകത്ത് കൂടുതൽ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങൾക്ക് കാരണം. രാജ്യത്ത് പ്രതിവർഷം ശരാശരി 2100 ഭൂകമ്പങ്ങളാണ് അനുഭവപ്പെടുന്നത്. ഇതിൽ ഏകദേശം 15 മുതൽ 16 വരെ ഭൂകമ്പങ്ങൾ 5.0ലോ അതിൽ കൂടുതലോ അതിൽ കൂടുതലോ തീവ്രതയിൽ അനുഭവപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം റസാവി ഖൊറാസാൻ പ്രവിശ്യയിലെ കാഷ്‌മാറിനടുത്ത് 4.2 തീവ്രതയിലും ജൂൺ 17ന് ബുഷെർ പ്രവിശ്യയിലെ ബോറാസ്‌ജനിനടുത്ത് 4.2 തീവ്രതയിലും ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.